കരിപ്പൂരിൽനിന്ന് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻകോയ തങ്ങൾ (38) ആണ് പിടിയിലായത്. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. കഴിഞ്ഞ ദിവസം ലഹരിക്കടത്ത് സംഘത്തലവൻ ജാസിർ അബ്ദുള്ളയെ മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു.

ഒരാഴ്ചമുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപയുടെ തായ്ഗോൾഡുമായി പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശി ഡെന്നിയും പിടിയിലായി.

സെയ്ദ് ഹുസൈൻകോയ തങ്ങളെ ചോദ്യംചെയ്തതിൽ നിരവധി തവണ ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്കും ഇവിടെനിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതായ വിവരം ലഭിച്ചു. ഗൂഡല്ലൂർ പാടന്തറയിൽ താമസിക്കുന്ന ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

