അയോധ്യയിൽ കാവിക്ക് വിലക്ക്; പൂജാരിമാർക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. ക്ഷേത്രത്തിൽ പൂജാരിമാർക്ക് മൊബൈൽ ഫോണിനും നിരോധനം ഏർപ്പെടുത്തി. രാമക്ഷേത്രം ട്രസ്റ്റ് പുതുതായി പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സുരക്ഷ മുൻ നിർത്തിയാണ് മൊബൈൽ ഫോൺ നിരോധനമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

കാവി നിറത്തിലുള്ള കുർത്തയും ദോത്തിയും തലപ്പാവുമായിരുന്നു നേരത്തെ പൂജാരിമാരുടെ വേഷം. ഇവയെല്ലാം മഞ്ഞ നിറത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോണിന് നിരോധനം ഏർപ്പെടുത്തിയതെന്നാണ് ട്രസ്റ്റ് പറയുന്നത്.

