നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി

ഡൽഹി: നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി. മെയ് 30ന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. ചില സെന്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് വിവാദമായിരുന്നു.

തുടർന്നാണ് ഗ്രേസ്‌മാർക്ക് റദ്ദാക്കി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ജൂൺ 23 ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പുനഃപരീക്ഷയിൽ ആകെയുള്ള 1563 പേരിൽ 813 പേർ മാത്രമാണ് എത്തിയത്. 750 പേർ പങ്കെടുത്തില്ല. നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

പരീക്ഷയിൽ ക്രമക്കേട് നടത്തിയ 63 വിദ്യാർത്ഥികളെ എൻടിഎ ഡീബാർ ചെയ്തു. 30 പേര്‍ ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നും 17 പേർ ബിഹാറിലെ പട്‌നയില്‍ നിന്നും ഉള്ളവരാണ്. ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ചതിന് ബിഹാറിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഇതോടെ നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റിൽ ആയവരുടെ എണ്ണം 28 ആയി.

