മേപ്പയ്യൂർ ഹയർ സെക്രട്ടറി സ്കൂളിൻ്റെ മതിലിടിഞ്ഞു വൻ നാശ നഷ്ടം; ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥതയെന്ന് യു.ഡി.എഫ്

മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൻ്റെ മതിലിടിഞ്ഞു വൻ നാശം സംഭവിച്ചത് ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥതയെന്ന് യു.ഡി.എഫ്. കോടികൾ മുടക്കി ഉണ്ടാക്കിയ സ്കൂളിലെ സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടുന്ന സ്ഥലത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. രാത്രിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന വലിയൊരു കെട്ടിടം മതിലിടിഞ്ഞ ഭാഗത്തോട് ചേർന്ന് കിടക്കുന്നു. പെട്ടെന്നു തന്നെ മതിലിന്റെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കും.

ഹയർ സെക്കൻഡറി, വിഎച്ച്എസ്സി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് പത്ത് മീറ്ററോളം ഉയരമുള്ള മതിലിടിഞ്ഞ് ടൺ കണക്കിന് മണ്ണ് വീണിരിക്കുന്നത്. പ്രവർത്തി ദിനത്തിലാണ് സംഭവിച്ചതെങ്കിൽ വൻ ദുരന്തമാവുമായിരുന്നു. വിദ്യാർത്ഥി

സംസ്ഥാന സ്പോർട്‌സ് കൗൺസിൽ വകയിരുത്തിയ 10.50 കോടി രൂപയിൽ 6.50 കോടി ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്കും, ഗ്രൗണ്ടും, സ്പോർട്‌സ് ഫെസിലിറ്റേഷൻ സെന്ററും നിർമ്മിച്ചത്. കോടികൾ ചെലവഴിച്ച ഈ നിർമ്മിതികൾ നിലനിൽക്കണമെങ്കിൽ സംരക്ഷണ മതിൽ അത്യാവശ്യമാണ്. 2021 മുതൽ പല തവണകളായി ഡിപ്പാർട്ട്മെന്റ് തലത്തിലും ജില്ലാ പഞ്ചായത്തിലും സ്ഥലം എം.എൽ.എ ക്കും നിവേദനങ്ങൾ കൊടുത്തിരുന്നു. അതിന്റെ ഭാഗമായി എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പ്രൊട്ടക്ഷൻ വാളിൻ്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും എസ്റ്റിമേറ്റ് പ്രകാരമുളള ഫണ്ട് ലഭ്യമാവാത്തതിനാൽ നിർമ്മാണം പൂർത്തീകരിക്കാനായില്ല.

ബാക്കി കിടന്ന ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന സമയത്ത് നീക്കിയ മണ്ണും, അവിടെ നിന്ന് മുറിച്ച വൻ മരങ്ങളും ലേലം ചെയ്യാൻ കഴിയാത്തതിനാൽ ഗ്രൗണ്ടിനടുത്ത് കുന്നുകൂട്ടിയിരിക്കുകയാണ്. മണ്ണും, മരവും കനത്ത മഴയിൽ ഒലിച്ചിറങ്ങി സിന്തറ്റിക് ട്രാക്കിലേക്ക് വീഴാൻ സാധ്യതയേറേയാണ്. കോടികൾ ചെലവഴിച്ച് ശാസ്ത്രീയമായ കായിക പരിശീലനത്തിനായി നിർമ്മിച്ച അത്യാധുനിക സംവിധാനമാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കാനിടവരുന്നത്. മഴക്ക് മുൻപേ മണ്ണ് ലേലം ചെയ്‌ത് മാറ്റുന്നതിനായി സ്കൂൾ അധികൃതർ കത്തിടപാടുകൾ നടത്തിയിരുന്നു.

അധികൃതരുടെ മെല്ലെപ്പോക്ക് നയം കാരണം മാസങ്ങൾ കഴിഞ്ഞിട്ടും മൺകൂന ഗ്രൗണ്ടിന് പരിസരത്ത് തന്നെ തുടരുകയാണ്. മതിലിടിഞ്ഞ് വീണ മണ്ണ് നീക്കിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് കടന്നുവരാൻ വഴി തടസ്സപ്പെടും. മാത്രമല്ല മതിൽ ഇനിയും ഇടിഞ്ഞു വീഴുമെന്ന സുരക്ഷാ ഭീഷണിയും നിലനിൽക്കുകയാണ്. യു.ഡി.എഫ് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, പഞ്ചായത്ത്മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ എം.കെ അബ്ദുറഹിമാൻ, കീഴ്പോട്ട് പി മൊയ്തി, മുജീബ് കോമത്ത് എന്നിവർ സംഭവ സ്ഥലം സന്ദർശിക്കുകയും സ്ക്കൂൾ അധികൃതരുമായി സംസാരിക്കുകയും ചെയ്തു.
