ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാൻ (62) ആണ് മരിച്ചത്. ദില്ലിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അലിഖാന്‍ കിടന്ന താഴത്തെ ബര്‍ത്തിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീണാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അദ്ദേഹത്തെ വാറങ്കല്ലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിച്ചു കബറടക്കി. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. ചികിത്സ ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടായെന്ന് ആക്ഷേപമുണ്ട്. ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കി. മോശം സാഹചര്യമാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്നും പല ബെര്‍ത്തുകളും ഫാനും അടര്‍ന്നുവീഴാറായ നിലയിലാണെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

