മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതം: മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്നാവർത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മദ്യനയത്തിൽ യാതൊരു ശുപാർശയും ടൂറിസം വകുപ്പ് മുന്നോട്ട് വെച്ചിട്ടില്ല. തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം മാനസിക സുഖത്തിനെന്നും, പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി. മദ്യനയത്തിൽ പരിഷ്കരണം വരുത്താനുള്ള ആലോചനയിൽ ടൂറിസം വകുപ്പ് ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

മദ്യനയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള പരിപൂർണ്ണ അധികാരം എക്സൈസ് വകുപ്പിനാണ്. തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം മാനസിക സുഖത്തിനെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് യാതൊരു ശുപാർശയും മുന്നോട്ട് വച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. ടൂറിസം ഡയറക്ടർ മാസത്തിൽ 40 തവണയെങ്കിലും യോഗം വിളിക്കാറുണ്ട്. ഇതെല്ലാം മന്ത്രി അറിഞ്ഞിട്ടല്ല. യുഡിഎഫ് ഭരണകാലത്തും സമാനമായ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്.

മദ്യനയത്തെ കുറിച്ച് രണ്ട് മന്ത്രിമാരും ഒരേ അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ യുഡിഎഫ് കാലത്ത് രണ്ട് മന്ത്രിമാരും രണ്ട് അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. ഏതെങ്കിലും പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാൽ അത് സഭയിൽ കൊണ്ടുവന്ന് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

