KOYILANDY DIARY.COM

The Perfect News Portal

കുവൈറ്റ് ദുരന്തം; മരണം 50 ആയി

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 10.30ഓടെ വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തിൽ എത്തി. 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.

 

23 മലയാളികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും.

Advertisements
Share news