KOYILANDY DIARY.COM

The Perfect News Portal

സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ • പന്‍വേല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കറന്‍സി പരിഷ്കരണം ജനങ്ങളില്‍ ഹ്രസ്വകാല വേദനകള്‍ക്കു കാരണമായിട്ടുണ്ട്.

എന്നാല്‍, കടുത്ത നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും നല്ല നാളേയ്ക്കു വേണ്ടിയാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു. പന്‍വേലിനടുത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനജ്മെന്‍റ് ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അധികാരത്തിലെത്തി മൂന്നുവര്‍ഷത്തിനകം സമ്പദ്‍വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സര്‍ക്കാരിനുകഴിഞ്ഞു. ഉറച്ച സാമ്ബത്തിക നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചു. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനായുള്ള നടപടികളുടെ പുറകെ തന്റെ സര്‍ക്കാര്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് സാധാരണക്കാര്‍ക്കു കുറച്ചു കാലത്തേക്ക് വേദനയുണ്ടാക്കി. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതു നേട്ടമാകും നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യ താല്‍പര്യത്തിനായി ബുദ്ധിമുട്ടുകള്‍ നേരിടാന്‍ ജനങ്ങള്‍ തയ്യാറായി. സത്യസന്ധരായ ആളുകളുടെ ബുദ്ധിമുട്ട് ഇനി കുറയാന്‍ പോവുകയാണ്. അതേസമയം, അഴിമതിക്കാരുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയും ചെയ്യും.നവംബര്‍ എട്ടു മുതല്‍ 50 ദിവസം കഴിയുമ്ബോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉല്‍പന്ന സേവന നികുതി വൈകാതെ യാഥാര്‍ഥ്യമാകും. ഏറ്റവും വലിയ നികുതി പരിഷ്കാരമാകും ഇത്. കഴിഞ്ഞ 30 മാസംകൊണ്ട് സാമ്ബത്തിക മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

ആഗോള മാന്ദ്യത്തിനിടയിലും, ഇന്ത്യയ്ക്ക് ശോഭിക്കാന്‍ കഴിയുന്നു. സാമ്ബത്തിക വളര്‍ച്ചയില്‍ ഇന്ത്യ മികച്ച നേട്ടമാകും കൈവരിക്കുക. മോദി പറഞ്ഞു.നികുതി നിയമത്തിലെ ഘടനമൂലം നികുതി വിഹിതം കുറയുന്നതായും മോദി അഭിപ്രായപ്പെട്ടു. ധന വിപണിയില്‍നിന്ന് ലാഭം നേടുന്നവര്‍ അര്‍ഹമായ വിഹിതം നികുതിയായി നല്‍കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ഈ രംഗത്തുനിന്നുള്ള നികുതി വരുമാനം കുറവാണ്. ഇതില്‍ വര്‍ധന വരുത്താന്‍ കാര്യക്ഷമവും സുതാര്യവുമായ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും മോദി പറഞ്ഞു. ബജറ്റ് അവതരണത്തിന് രണ്ടു മാസം ബാക്കി നില്‍ക്കെ മോദിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *