മൂടാടിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നു

മൂടാടിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നു. വോൾട്ടേജ് ക്ഷാമവും ഇടക്കിടെ കറൻ്റ് പോകുന്നതും പതിവായ മൂടാടി ഗ്രാമപഞ്ചായത്തിൽ ഇതിന് ശാശ്വത പരിഹാരമായി 33 കെ. വി സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കപെടും. 15 സെൻ്റ് ഭൂമി പഞ്ചായത്ത് ഇടപെട്ട് ലഭ്യമാക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലം എം.എൽ.എ മുഖാന്തരം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിൽ ചെറുകിട സംരഭകർക്ക് വിതരണം ചെയ്തതിൽ അവശേഷിക്കുന്ന 15 സെൻ്റ് ഭൂമി സബ് സ്റ്റേഷൻ നിർമാണത്തിനായി അനുവദിക്കുകയാണുണ്ടായത്.

സ്ഥലം അനുവദിച്ചുകൊണ്ട് സിഡ്കോ എം.ഡി.യുടെ കത്ത് കെ.എസ്.ഇ.ബി ചീഫ് എൻജിനിയർക്ക് കൈമാറി കഴിഞ്ഞു. നിലവിൽ കന്നൂർ സബ് സ്റ്റേഷനിൽ നിന്നാണ് മൂടാടിയിൽ കരണ്ട് എത്തുന്നത്. എറ്റവും അറ്റത്തുള്ള ഭാഗമായതിനാൽ വൈദ്യുതി പ്രതിസന്ധി വളരെ രൂക്ഷമാണ്. സിഡ്കോ പാർക്കിലെയും പരിസരത്തെ ചെറുകിട സംരഭകർക്കും പ്രദേശത്തെ ഉപഭോക്താക്കൾക്കും സബ് സ്റ്റേഷൻ വരുന്നത് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ഇതിന് സഹായിച്ച എം.എൽ.എ കാനത്തിൽ ജമീല, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരെ പഞ്ചായത്ത് അഭിനന്ദിച്ചു.

