KOYILANDY DIARY.COM

The Perfect News Portal

വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

വയനാട് പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി. വയനാട് സ്വദേശികളായ കെ. അഖില്‍ (22), മുഹമ്മദ് അസ്നാഫ് (24), വിഷ്ണു മോഹന്‍ (24) എന്നിവരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 45.81 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയില്‍ എംഡിഎംഎ പിടിക്കുന്നത്.

ഈ മാസം ഒന്നിന് 113.57 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. വയനാട് ജില്ലാ അതിര്‍ത്തികളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമെല്ലാം പൊലീസ് പരിശോധന കര്‍ശനമാണ്. മീനങ്ങാടി പൊലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പൊലീസിനെ കണ്ട് പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ഒരു നൈജീരിയക്കാരനില്‍ നിന്ന് വാങ്ങി വില്‍പ്പനക്കായി കൊണ്ടു വന്നതാണെന്നായിരുന്നു ഇവരുടെ മൊഴി. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. വിനോദ്കുമാര്‍, എസ്.സി.പി.ഒമാരായ പ്രവീണ്‍, സാദിഖ്, ചന്ദ്രന്‍, സി.പി.ഒ ഖാലിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisements
Share news