പൊലീസിന്റെ പ്രവർത്തനം പൊതുജനം വളരെ സൂക്ഷ്‌മതയോടെ വിലയിരുത്തുന്നു; മുഖ്യമന്ത്രി

തൃശൂർ: പൊലീസിന്റെ പ്രവർത്തനം പൊതുജനം വളരെ സൂക്ഷ്‌മതയോടെ വിലയിരുത്തുന്നുവെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്ന സർക്കാർ വിഭാഗമാണ് പൊലീസ്. സുതാര്യമായ പ്രവർത്തനമാകണം ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാവേണ്ടത്. എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും അറിയണം.

ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും കൂടരുതാത്തതെന്നും അറിയണം. കുട്ടികളുടെയും സ്‌ത്രീകളുടെയും സുരക്ഷയ്‌ക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. അവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവധാനതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണം. പരാതികളുമായെത്തുന്നവർക്ക് പ്രശ്‌നപരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാനാകണം. അത്തരത്തിൽ പൊലീസിനെ നവീകരിക്കാനുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. ആപത്തിൽ ജനങ്ങൾക്ക് ആശ്രയിക്കാവുന്നവരാകണം പൊലീസ്. അത്തരത്തിൽ ജനകീയ സേനയായി കേരള പൊലീസ് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

448 പേര്‍കൂടി പൊലീസ് സേനയിൽ

പരിശീലനം പൂർത്തിയാക്കിയ 448 പേർകൂടി പൊലീസ് സേനയിൽ. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയനിലെ 290 വനിതകളും കെഎപി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്. എം എസ് ശ്രീക്കുട്ടി പരേഡ് കമാൻഡന്റും അമൽരാജു രണ്ടാം കമാൻഡന്റുമായിരുന്നു.

മികച്ച ഇൻഡോർ കേഡറ്റായി എം എസ് രേണുക, അമിത്ത് ദേവ്, ഷൂട്ടറായി കെ എ ഐശ്വര്യ, അഫിൻ ബി അജിത്ത്, ഔട്ട് ഡോർ കേഡറ്റായി എം എസ് ശ്രീക്കുട്ടി, അമൽ രാജു എന്നിവരെ തെരഞ്ഞെടുത്തു. ഓൾ റൗണ്ടർമാരായി എം എസ് ശ്രീക്കുട്ടി, സൂരജ് ബാബുരാജ് എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, പൊലീസ് അക്കാദമി ഡയറക്ടർ പി വിജയൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
