വ്യവസായത്തിന് യോജിച്ച നാടെന്ന് തെളിയിച്ച് കൂടുതൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക്

തിരുവനന്തപുരം: വ്യവസായത്തിന് ഏറ്റവും യോജിച്ച നാടെന്ന് തെളിയിച്ച് കൂടുതൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക്. മെയിൽ മാത്രം മൂന്ന് ലോക പ്രശസ്‌ത കമ്പനികളാണ് എത്തിയത്. ഇറ്റലി ആസ്ഥാനമായ ഡൈനിമേറ്റഡ്, ജർമ്മനി ആസ്ഥാനമായ ഡി സ്പേസ്, നോർവേ ആസ്ഥാനമായ കോങ്‌സ്‌ബെർഗ് എന്നിവയാണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്.

വിഷ്വൽ കമ്യൂണിക്കേഷൻ, ഡിസൈൻ ആൻഡ് ആനിമേഷൻ, സ്പേഷ്യൽ ഡിസൈനിങ് തുടങ്ങിയ മേഖലകളിൽ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ മുൻനിര കമ്പനിയാണ് ഡി-സ്‌പേസ് ടെക്നോളജീസ്. തങ്ങളുടെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററാണ് ഡിസ്‌പേസ് ഇവിടെ സ്ഥാപിച്ചത്.

ലോകോത്തര വാഹന നിർമാതാക്കളായ പോർഷെ, ബിഎംഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്‌പേസിന്റെ ഉപയോക്താക്കളാണ്. 33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള കോങ്‌സ്‌ബെർഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണ്. 33,000 വെസലുകളുമായി ഇതിന് കരാറുണ്ട്. വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച മീറ്റ് ദി മിനിസ്‌റ്റർ പരിപാടിയിലൂടെ മൂന്നു വർഷത്തിനുള്ളിൽ 11000 കോടിയുടെ നിക്ഷേപം സംസ്ഥാനത്തെത്തി.

100 കോടിക്ക് മുകളിൽ നിക്ഷേപ പദ്ധതിയുള്ള വ്യവസായികളുമായി മന്ത്രി പി രാജീവും ഉദ്യോഗസ്ഥരും നേരിട്ട് ചർച്ച നടത്തി പദ്ധതി അതിവേഗം യാഥാർഥ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഐബിഎം, ബിൽടെക്, ആസ്‌കോ ഗ്ലോബൽ, അറ്റാച്ചി, ട്രൈസ്‌റ്റാർ, വെൻഷ്വർ, സിന്തൈറ്റ്, മുരളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ ഇത്തരത്തിൽ നിക്ഷേപത്തിന് തയ്യാറായി. ടാറ്റ എലക്‌സിക്ക് രാജ്യത്ത് ആകെയുള്ള ഉദ്യോഗസ്ഥരുടെ പകുതിയും കേരളത്തിൽ ആരംഭിച്ച സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ലോകത്തിലെ എയറോസ്‌പേസ്/ഡിഫൻസ് മേഖലയിലെ പ്രധാനികളായ സഫ്രാൻ, പ്രമുഖ അമേരിക്കൻ ഗ്രൂപ്പായ വെൻഷ്വർ തുടങ്ങിയ കമ്പനികളും കേരളത്തിലെത്തി. 200 കോടിയുടെ നിക്ഷേപത്തിൽ ക്രേസ് ബിസ്‌കറ്റ്‌സും ഉൽപ്പാദന യൂണിറ്റ് ആരംഭിച്ചു. ലോകോത്തര കമ്പനിയായ ഐബിഎം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലധികം വിപുലീകരണം സാധ്യമാക്കി.
