KOYILANDY DIARY.COM

The Perfect News Portal

ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതിതള്ളി

തിരുവനന്തപുരം: കോര്‍പറേഷൻ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. 
കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തുകയുണ്ടായി. പ്രതികൾ മേയറും എംഎൽഎയുമാതിനാല്‍ കേസന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമർപ്പിച്ചത്. ഇതാണ് കോടതി അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തള്ളിയത്.
അതേ സമയം ഡ്രൈവർ യദുവിനെതിരായ മേയറുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലെ സംഭവങ്ങള്‍ പുനരാവിഷ്ക്കരിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ലൈംഗിക അധിക്ഷേപത്തോടെ ചേഷ്ട കാണിച്ചുവെന്നാണ് സാഹചര്യ തെളിവുകളിൽനിന്ന് വ്യക്തമാകുന്നത്. മേയറുടെ പരാതി പരിശോധിക്കാൻ പട്ടം മുതൽ പിഎംജി വരെ അതേ ബസും കാറും ഓടിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി 10 മണിക്കുള്ള പുനരാവിഷ്ക്കരണം നടത്തിയത്.
Share news