KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ മഴ പെയ്തപ്പോൾ പഞ്ചാബിന് രക്ഷയായി

തിരുവനന്തപുരം: കേരളത്തിൽ മഴ പെയ്തപ്പോൾ പഞ്ചാബിന് രക്ഷയായി. കൊടും ചൂടിൽ കേരളം വലഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് കെഎസ്ഇബി ആയിരുന്നു, റെക്കോർഡിലെത്തിയ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാൻ പലവഴികളാണ് വൈ​ദ്യുതി വകുപ്പ് തേടിയത്. എന്നാൽ വേനൽമഴ കനിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും കെഎസ്ഇബി തന്നെയാണ്. 
കേരളത്തിലെ കനത്ത മഴ, കൊടും ചൂടിൽ വലയുന്ന പഞ്ചാബിന് രക്ഷയാകുകയാണ്. വേനൽ മഴ അതിശക്തമായതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാൽ കെ എസ് ഇ ബി മുൻ കരുതലിലൂടെ ടെൻഡർ വഴി ആർജ്ജിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി.വേനൽ മഴയെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാലാണ് ടെൻഡർ വഴി നേടിയ വൈദ്യുതിയിൽ മിച്ചമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറിലേർപ്പെട്ടു.
മേയ് 31 വരെ കേരളം പഞ്ചാബിന് വൈദ്യുതി നൽകും. 24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ചെ മൂന്ന് മുതൽ വൈകിട്ട് ആറ് വരെ 150 മെഗാവാട്ടുമാണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഏപ്രിൽ മാസത്തിൽ കെഎസ്ഇബിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. കേരളം നൽകുന്ന വൈദ്യുതിക്ക് അഞ്ച് ശതമാനം അധികമായി പഞ്ചാബ് തിരികെ നൽകണം.
കേരളത്തിന് കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെ 155 മെഗാവാട്ടും പുലർച്ചെ രണ്ട് മുതൽ രാത്രി എട്ട് വരെ 95 മെഗാവാട്ടുമാണ് പഞ്ചാബ് തിരികെ നൽകുക. 2025 ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ വൈദ്യുതി തിരികെ ലഭിക്കും. മെയ് മാസത്തിൽ നേരിയതോതിൽ മഴ ലഭിക്കുമെന്നും അതിനുശേഷം ജൂൺ 17 മുതൽ മാത്രം മെച്ചപ്പെട്ട മഴ ലഭിക്കുമെന്നുമായിരുന്നു കെഎസ്ഇബി നിഗമനം.
Share news