KOYILANDY DIARY.COM

The Perfect News Portal

കൊല്ലങ്കോട് പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ‌പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആന്തരിക രക്തസ്രാവത്തിനും ഇടയാക്കി. തുടർന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ മയക്കുവെടിയുടെ മരുന്നിന്‍റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല. പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്‍റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. പ്രാഥമിക പരിശോധനയിൽ പുലി ചത്തത് മരണകാരണം ആന്തരിക രക്തസ്രാവമെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
 
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന് തന്നെ ചത്തത്.
Share news