KOYILANDY DIARY.COM

The Perfect News Portal

വിമാനത്തിൽ ഇടിച്ച് 40 അരയന്നങ്ങൾക്ക് ജീവൻ നഷ്ടമായി

വിമാനത്തിൽ ഇടിച്ച് 40 അരയന്നങ്ങൾക്ക് ജീവൻ നഷ്ടമായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഘാട്കോപ്പർ പന്ത് നഗർ മേഖലക്ക് സമീപമാണ് സംഭവം. കൂട്ടമായി പറന്നിരുന്ന ദേശാടന പക്ഷികളായ അരയന്നങ്ങൾക്ക് വിമാനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. സംഭവവികാസത്തെത്തുടർന്ന് വിമാനം പൂർണ്ണ പരിശോധനക്ക് ദുബായിലേക്കുള്ള മടക്ക വിമാനം റദ്ദാക്കി.

നിരവധി യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്. ദുബായിലേക്കുള്ള എമിറേറ്റ്‌സ് 509 വിമാനം ചൊവ്വാഴ്ച രാത്രി 9 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ അനുസരിച്ച് യാത്രക്കാർക്ക് താമസ സൗകര്യം എയർലൈൻ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നടന്ന സംഭവത്തിൽ മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.

 

അരയന്നങ്ങളുടെ മരണകാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷി ഇടിച്ച വിവരം അറിയിച്ച പൈലറ്റിൻ്റെ മൊഴിയും രേഖപ്പെടുത്തി. വിമാനത്താവളത്തിന് ചുറ്റും ഇത്തരമൊരു അപകടം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് വന്യജീവി സംരക്ഷകൻ സുനീഷ് പറയുന്നത്. വിമാനത്തിൽ ഇടിക്കുമ്പോൾ അരയന്നങ്ങളുടെ കൂട്ടം താനെ ഫ്ലമിംഗോ സങ്കേതത്തിലേക്ക് പറക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. മുംബൈ, നവി മുംബൈ തീരത്തുള്ള തണ്ണീർത്തടങ്ങൾ അറിയപ്പെടുന്ന അരയന്നങ്ങളുടെ ആവാസ കേന്ദ്രമാണ്.

Advertisements

 

ഡിസംബറോടെ ഈ തീരങ്ങളിൽ കൂട്ടമായി പറന്നെത്തുന്ന ദേശാടന പക്ഷികൾ ഏപ്രിൽ മെയ് മാസങ്ങളോടെയാണ് തിരികെ പറന്നു പോകുന്നത്. കണ്ടൽക്കാടുകൾ നികത്തി പുതിയ നിർമ്മാണങ്ങളും മലിനീകരണങ്ങളും കാരണം അരയന്നങ്ങൾ പറക്കുന്ന പാത മാറ്റിയിരിക്കാമെന്നാണ് എൻജിഒ വനശക്തിയുടെ പരിസ്ഥിതി പ്രവർത്തകരുടെ അനുമാനം. നവി മുംബൈയിലെ ജലാശയങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങളും കാരണമായി ചൂണ്ടിക്കാട്ടുന്നു.

 

“നവി മുംബൈയിലെ എൻആർഐ തണ്ണീർത്തടങ്ങൾ, ടിഎസ് ചാണക്യ തടാകങ്ങൾ എന്നിവ അരയന്നങ്ങളുടെ ആവാസ കേന്ദ്രമാണ്. ഈ പ്രദേശത്ത് നിന്ന് ബിൽഡർമാരുടെ ഏജൻ്റുമാർ പക്ഷികളെ ഓടിക്കുന്നത് പതിവ് കാഴ്ചകളാണെന്ന് പ്രദേശവാസികൾ പറയുന്നു. ഒഴിവായത് ദുരന്തമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യം ശക്തമായിരിക്കയാണ്.

Share news