അവയവക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

നെടുമ്പാശേരി അവയവക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി സാബിത്ത് നാസർ ഇറാനിലേക്ക് കൊണ്ടുപോയ പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിൽ ആണെന്ന് സൂചന ലഭിച്ചു.

അവയവ കടത്തിന്റെ പ്രധാന കണ്ണി ഹൈദരാബാദിൽ എന്ന് പ്രതി സാബിത്ത് മൊഴി നൽകി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അവയവ കടത്ത് സംഘത്തിന്റെ ഭാഗമാണ് സാബിത്ത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം അവിടേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. കേസിൽ ഇരയായ പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിൽ ഉണ്ടെന്നാണ് വിവരം. ഇയാൾ നാട്ടിലെ ചില സുഹൃത്തുക്കളെ ബാങ്കോക്കിൽ നിന്ന് ബന്ധപ്പെട്ടിരുന്നതായും വാർഡ് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു.

പിടിയിലാകുന്നതിന് രണ്ടാഴ്ചമുമ്പും സാബിത്ത് ഇറാനിലേക്ക് ആളുകളെ കടത്തിയെന്നാണ് കണ്ടെത്തൽ. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു. സാബിത്തിനെ 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും.

