24-ാം മത് കഥകളി പഠന ശിബിരത്തിന് പ്രൗഡഗംഭീര സമാപനം

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയം നടത്തുന്ന 24-ാം മത് കഥകളി പഠന ശിബിരത്തിന് പ്രൗഡഗംഭീര സമാപനം. ഏപ്രിൽ 29 ന് ആരംഭിച്ച കഥകളി പഠനശിബിരം പ്രഗദ്ഭരായ അദ്ധ്യാപക സാന്നിധ്യം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. ശിബിരത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്ന് 72 വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനം കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര വിജയിയും കലാമണ്ഡലം മുൻ പ്രിൻസിപ്പാളുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിർവ്വഹിച്ചു. കഥകളി വിദ്യാലയം വൈസ് പ്രസിഡണ്ട് വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാലയം പ്രസിഡൻ്റ് Dr: എൻ. വി സദാനന്ദൻ, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, പ്രഭാകരൻ പുന്നശ്ശേരി, കലാമണ്ഡലം ശിവദാസ്, ട്രഷറർ നാരയണൻ വി, കലാനിലയം ഹരി, ശശി എൻ കെ എന്നിവർ സംസാരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര വിജയിയായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ ചടങ്ങിൽ വിജയരാഘവൻ ചേലിയ പൊന്നാട അണിയിച്ച് ആദരിച്ചു. ശിബരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥകളി ദക്ഷയാഗം വളരേയേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സത്ഗമയ സ്വാഗതവും ജോ. സെക്രട്ടറി പ്രശോഭ്. ജി നന്ദിയും പറഞ്ഞു.
