KOYILANDY DIARY.COM

The Perfect News Portal

മദ്യനയ അഴിമതി കേസ്; ഇഡിക്ക് പിന്നാലെ കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. മാർച്ച്‌ 15ന്‌ ഹൈദരാബാദിൽനിന്ന്‌ ഇ ഡി അറസ്റ്റ് ചെയ്ത കവിത നിലവിൽ തിഹാർ ജയിലിലാണ്‌. പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ സിബിഐ ഉദ്യോഗസ്ഥർ കവിതയെ ജയിലിനുള്ളിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അതേസമയം കഴിഞ്ഞ ദിവസം കവിതയെ ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിന് മുമ്പ് കവിതയുടെ ഇടക്കാല ജാമ്യഹർജിയും കോടതി തള്ളിയിരുന്നു. അന്വേഷണം മുന്നിൽക്കണ്ട്‌ കവിത തെളിവുകൾ നശിപ്പിച്ചെന്നും കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

 

ഈ അവസരത്തിൽ കവിതയ്‌ക്ക്‌ ജാമ്യം നൽകിയാൽ അവർ വീണ്ടും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഇളയ മകന്‌ പരീക്ഷാസമയമായതിനാൽ പിന്തുണയും കരുതലും നൽകാൻ ജാമ്യം അനുവദിക്കണമെന്ന കവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇളയ മകന്‌ തുണയായി മൂത്തമകനും അച്ഛനും അടുത്ത ബന്ധുക്കളുമുണ്ടെന്ന്‌ കോടതി പറഞ്ഞു.

Advertisements
Share news