ആക്രിക്കച്ചവട തട്ടിപ്പുകേസിൽ ജയിലിലായ ആർഎസ്‌എസ് നേതാവിനെയും ഭാര്യയെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പാലക്കാട്: ആക്രിക്കച്ചവട തട്ടിപ്പുകേസിൽ ജയിലിലായ ആർഎസ്‌എസ് നേതാവ് കെ സി കണ്ണനെയും ഭാര്യ ജീജാബായിയെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വെള്ളിയാഴ്‌ച തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. കണ്ണൻ ഒറ്റപ്പാലം സബ്‌ജയിലിലും ജീജാബായി മലമ്പുഴ സബ്‌ജയിലിലുമാണ്. കസ്‌റ്റഡിയിൽ വാങ്ങി കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പട്ടാമ്പി കോടതിയിൽ തിങ്കളാഴ്‌ച കസ്‌റ്റഡി അപേക്ഷ നൽകി.

നയിച്ചത് ആഡംബരജീവിതം

ആഡംബര ജീവിതമാണ് ഇരുവരും നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഞാങ്ങാട്ടിരിയിൽ ആറുമാസംമുമ്പാണ് വലിയ വീട് നിർമിച്ചത്. പട്ടാമ്പി അലക്‌സ് തിയറ്ററിനുസമീപത്തെ ഓഡിറ്റോറിയത്തിൽ കണ്ണന്റെ അറുപതാം പിറന്നാളാഘോഷത്തിനും ലക്ഷങ്ങൾ ചെലവഴിച്ചു. ബിജെപി–-ആർഎസ്‌എസ് നേതാക്കളടക്കം പങ്കെടുത്തു. കറിപ്പൊടി വിൽപന, തുണിക്കച്ചവടം എന്നിവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വ്യാപാര–-വ്യവസായ പ്രമുഖരെയും സൽക്കാരത്തിൽ പങ്കെടുപ്പിച്ചു.

ഇവരിൽ പലരിൽനിന്നും പിന്നീട് വൻതുക ഓഹരിയായി വാങ്ങി. പിന്നീടുള്ള നീക്കത്തിൽ സംശയാലുക്കളായ ചിലർ ഓഹരി മടക്കിവാങ്ങാൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. ജ്വല്ലറികളിൽനിന്നും തുണിക്കടകളിൽനിന്നും പണം പൂർണമായി നൽകാതെ വലിയ തുകയ്‌ക്കുള്ള സ്വർണവും വസ്‌ത്രങ്ങളും ജീജാബായി വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ബാക്കി തുക ചോദിച്ച് പലരും വീട്ടിലെത്തിയിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടും ഇവർ അധികം അടുപ്പം കാണിച്ചിരുന്നില്ല.

