അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; 15 പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ഇവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും.

ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പഴ വെസ്റ്റ് കടത്തുശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷർനാസ് അഷറഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തിന്റെ തലേന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടിരുന്നു. ഷാന്റെ കൊലപാതകത്തെ തുടർന്നാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കെ എസ് ഷാന്റെ കൊലക്കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 3ലാണ് വിചാരണ നടപടികൾ നടക്കുന്നത്.

വധക്കേസിൽ ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളാണുണ്ടായിരുന്നത്. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടി മുതലുകളും മറ്റു തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതികളുടെ മൊഴി 25 ന് തന്നെ കോടതി ഒപ്പിട്ടു വാങ്ങി. ഇവരുടെ സാമൂഹികാവസ്ഥ സംബന്ധിച്ച സർക്കാരിന്റെയും പ്രൊബേഷൻ ഓഫീസറുടെയും റിപ്പോർട്, ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്, മനോരോഗ വിദഗ്ധന്റെ റിപ്പോർട് എന്നിവ കോടതിയിൽ ലഭിച്ചിരുന്നു.

