KOYILANDY DIARY.COM

The Perfect News Portal

മാലിന്യത്തിന്റെ അളവും പ്രത്യേകതയും തിട്ടപ്പെടുത്താൻ സർവേ

തിരുവനന്തപുരം: നഗരപ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവും പ്രത്യേകതയും തിട്ടപ്പെടുത്താൻ സർവേ. കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ല്യുഎംപി) വഴി ലോകബാങ്ക് സഹായത്തോടെയാണ് ഇത്‌ നടത്തുന്നത്. വിവിധ തരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, സംസ്കരണ സാങ്കേതികവിദ്യ വികസിപ്പിക്കുക, പുനരുപയോഗ സാധ്യത പഠിക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യം. നാൽപ്പത്തിരണ്ടിടത്ത്‌ പൂർത്തിയായി. 51 എണ്ണം പുരോഗമിക്കുന്നു. വീട്‌, ഹോട്ടൽ, സ്ഥാപനം, റെയിൽവേ സ്റ്റേഷൻ തുടങ്ങി മുഴുവൻ മാലിന്യ ഉറവിടങ്ങളും പരിശോധിക്കും.  

സര്‍വേയുടെ അടിസ്ഥാനത്തില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ മാനേജ്മെന്റ്‌ പ്ലാനുകള്‍ തയ്യാറാക്കും. നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉത്പാദിപ്പിക്കുന്ന പ്രതിശീര്‍ഷ മാലിന്യത്തിന്റെ അടിസ്ഥാനത്തിലാണ് ഖരമാലിന്യ മാനേജ്മെന്‍റ് പ്ലാനുകള്‍ തയ്യാറാക്കുക. ഖരമാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുക, ജനങ്ങൾക്കിടയിലെ ബോധവൽക്കരണം ഊർജിതമാക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും കാർബൺ ഫൂട്ട്‌ പ്രിന്റ്‌ കുറയ്‌ക്കൽ തുടങ്ങിയവ പ്രാവർത്തികമാക്കാൻ സർവേയിലൂടെ സാധിക്കും.

Share news