KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി

നിലമ്പൂർ: മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി. ജീവിതത്തിൽ ഉടനീളം മനസ്സിൽ താലോലിച്ച സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു.  ‘ഭൂരഹിതരില്ലാത്ത കേരളം ഭവനരഹിതരില്ലാത്ത കേരളം’ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാ​ഗമായി ആദിവാസി പുനരധിവാസ വികസന മിഷൻ (ടിആർഡിഎം) വഴിയാണ്‌ ഭൂമിയും പട്ടയവും വിതരണം ചെയ്തത്‌. 

നിലമ്പൂർ ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി താലൂക്കുകളിലെ 1709 അപേക്ഷകരിൽ അർഹരായ 597 ​ഗുണഭോക്താക്കളിൽ രേഖകൾ സമർപ്പിച്ച 570 കുടുംബങ്ങൾക്കാണ്  71.28 ഹെക്ടർ വനഭൂമി വിതരണം ചെയ്തത്. നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി വി അൻവർ എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണൻ പട്ടയങ്ങൾ വിതരണം ചെയ്തു. 

 

നിലമ്പൂർ തൃക്കൈക്കുത്ത് ബിറ്റിൽ 10 സെന്റ് വീതമുള്ള 131 പ്ലോട്ടും അത്തിക്കൽ ബിറ്റ് മൂന്നിൽ  20 സെന്റ് വീതമുള്ള 63 പ്ലോട്ടും നെല്ലിപ്പൊയിൽ – കൊടീരി ബിറ്റ് ഒന്നിൽ 40 സെന്റ് വീതമുള്ള 376 പ്ലോട്ടുമാണ്‌ വിതരണം ചെയ്‌തത്‌. ഭൂമി ലഭിച്ചവർക്കെല്ലാം ലൈഫ്‌ പദ്ധതിയിൽ വീട്‌ നിർമിച്ചു നൽകും. ആറ്‌ ലക്ഷം രൂപവീതം ചെലവിട്ട്‌ 520 ചതുരശ്ര അടിയിലാണ്‌ വീടുണ്ടാക്കുക. കൂടാതെ കളിസ്ഥലം, അങ്കണവാടി എന്നിവയും നിർമിക്കും. പി വി അബ്ദുൾ വഹാബ് എം പി, പട്ടികവർ​ഗ വകുപ്പ് വികസന ഡയറക്ടർ ഡി ആർ മേഘശ്രീ, കലക്ടർ വി ആർ വിനോദ്, സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, പെരിന്തൽമണ്ണ സബ് കലക്ടർ ഡി രഞ്ജിത്ത്, ഡിഎഫ്ഒ ടി അശ്വിൻകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisements
Share news