KOYILANDY DIARY.COM

The Perfect News Portal

കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ

കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്.

സവാദിന്റെ ഒളിവുജീവിതത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ബന്ധുക്കൾ ഉൾപ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയത്. സവാദിന്റെ ഭാര്യ, ഭാര്യാപിതാവ്, സവാദിന്റെ വിവാഹം നടത്തികൊടുത്ത തിരുനാട്ടിലെ പള്ളിഭാരവാഹികൾക്കുമാണ് നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകിയത്. സവാദിന് 13 വർഷം ഒളിവിൽ കഴിയാൻ വലിയ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

 

സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് 8 വർഷമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്.

Advertisements
Share news