രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം; ബിനോയ് വിശ്വം
കൊല്ലം: രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജനയുഗത്തിന്റെ 75–ാം- വാർഷികാഘോഷം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുനേടാനായി ശ്രീരാമനെ രാഷ്ട്രീയ ക്യാമ്പയിനറാക്കുകയാണ് ബിജെപിയും ആർഎസ്എസും.

സ്നേഹത്തിന്റെയും നന്മയുടെയും വെളിച്ചം ഊതിക്കെടുത്തിയിട്ട് അവർ പറയുന്നു എല്ലാ വീട്ടിലും വെളിച്ചം കൊളുത്തിവെയ്ക്കാൻ. വാത്മീകി പറഞ്ഞത് ശ്രീരാമൻ കനിവിന്റെയും കരുണയും പ്രതീകമെന്നായിരുന്നു. ആ ശ്രീരാമനെയാണ് സിനിമകളിലെ വില്ലൻ കഥാപാത്രത്തെപ്പോലെ രൗദ്രഭാവത്തിൽ സംഘപരിവാർ നാടെങ്ങും അവതരിപ്പിച്ചത്. ലോകത്ത് എവിടെയും മാധ്യമങ്ങൾക്ക് സത്യവുമായി ബന്ധമില്ലാതായിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെടുന്നത് കോർപറേറ്റ് താൽപ്പര്യത്തോടെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. ജനറൽ കൺവീനർ സി ആർ ജോസ് പ്രകാശ് സ്വാഗതംപറഞ്ഞു.

എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ എഡിറ്റ് ചെയ്ത “കാനം കനലോർമ’ പുസ്തകം ശ്രീകുമാരൻ തമ്പി കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശിപ്പിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ, ജനയുഗം സിഎംഡി എൻ രാജൻ, എഡിറ്റർ രാജാജി മാത്യൂതോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കൊല്ലം റീജണൽ എഡിറ്റർ പി എസ് സുരേഷ് നന്ദി പറഞ്ഞു. ഇപ്റ്റ കലാകാരന്മാരുടെ സംഗീത വിരുന്ന് അരങ്ങേറി.

