ബയോ ഡീസല്‍ പമ്പിന്റെയും ഓട്ടോമാറ്റിക്ക് ഫ്യൂവല്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും കേരള റോഡ് ട്രാസ്പോര്‍ട്ട് കോര്‍പറേഷനും സംയുക്തമായി നടപ്പിലാക്കിയ ബയോ ഡീസല്‍ പമ്പിന്റെയും ആധുനികവത്കരിച്ച ഓട്ടോമാറ്റിക്ക് ഫ്യൂവല്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഇന്ധന ചെലവും പരിസ്ഥിതി മലിനീകരണവും ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയും.
ടെര്‍മിനലിനെ സംബന്ധിച്ചിടത്തോളം അടിയന്തരമായി പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും തുറന്ന് കൊടുക്കുകയെന്നുള്ളതാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ പമ്പിലാണ് ബയോ-ഡീസല്‍ സംവിധാനം സജ്ജീകരിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ബയോ-ഡീസല്‍ പമ്പ്തൊട്ടില്പാലത്താണ് തുറന്നത്. പുതിയ സംവിധാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന അധിക ഇന്ധന നഷ്ടം അറിയാന്‍ സാധിക്കും. ബസിന്റെ ടാങ്കിനുള്ളിലെ സെന്‍സറും പമ്പിന്റെ നോബിലെ സെന്‍സറുമായി കണക്ട് ചെയ്താല്‍ മാത്രമെ ഇന്ധനം നിറയ്ക്കാന്‍ കഴിയു. ഓട്ടോമാറ്റിക്ക് ഫ്യൂവല്‍ സിസ്റ്റത്തിലൂടെ അധിക ഇന്ധന നഷ്ടം വരുന്ന റൂട്ടുകള്‍ ഏതാണന്ന് മനസിലാക്കാന്‍ കഴിയും.

ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.ടി. സുകുമാരന്‍, ഐഒസി ജനറല്‍ മാനേജര്‍ പി.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു.

