KOYILANDY DIARY.COM

The Perfect News Portal

മകരവിളക്ക്‌ ഉത്സവത്തിന്റെ തിരക്ക്‌ നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്‌ആർടിസി

കോട്ടയം: മകരവിളക്ക്‌ ഉത്സവത്തിന്റെ തിരക്ക്‌ നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്‌ആർടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ സർവീസുകൾ കെഎസ്‌ആർടിസി ഏർപ്പെടുത്തും. മണ്ഡലകാലത്ത്‌ 50 ബസുകളാണ്‌ കോട്ടയത്തുനിന്ന്‌ സർവീസ്‌ നടത്തിയത്‌.

ഇത്‌ കൂടാതെ തിരക്കുള്ള വാരാന്ത്യങ്ങളിൽ പത്ത്‌ ബസുകളും സ്‌പെഷ്യൽ ട്രെയിനുകൾ വരുന്ന സമയങ്ങളിൽ ലൈനിലുള്ള ബസുകളും പമ്പയിലേക്ക്‌ സർവീസ്‌ നടത്തിയിരുന്നു.  മകരവിളക്കുമായി ബന്ധപ്പെട്ട്‌ കോട്ടയത്തുനിന്ന്‌ കൂടുതൽ ബസുകൾ സർവീസ്‌ നടത്തുമെന്ന്‌ അധികൃതർ പറഞ്ഞു. മകരവിളക്ക്‌ ദിവസം നൂറോളം ബസുകൾ കോട്ടയത്തുനിന്ന്‌ സർവീസ്‌ നടത്തും. എരുമേലിയിൽനിന്ന്‌ 18 ബസുകളാണ്‌ സർവീസ്‌ നടത്തുക. യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട്‌ ബസുകൾ കൂടുതൽ അനുവദിച്ചു. മണ്ഡലകാലത്ത്‌ 16 ബസുകളാണ്‌ ഉണ്ടായിരുന്നത്‌. മകരവിളക്ക്‌ ദിവസം എരുമേലിയിൽനിന്ന്‌ കൂടുതൽ സർവീസുകളുണ്ടാകും. 

 

വരുമാനത്തിൽ കോടിക്കിലുക്കം

Advertisements

തീർത്ഥാടകരുടെ വരവിൽ വലിയ കുതിപ്പുണ്ടായത്‌ കെഎസ്‌ആർടിസിക്കും നേട്ടമായി. മണ്ഡലകാലത്തെ കണക്ക്‌ പ്രകാരം മൂന്ന്‌ കോടിയോളം രൂപയുടെ വരുമാനമാണ്‌ കോട്ടയം ഡിപ്പോയ്‌ക്ക്‌ മാത്രമുണ്ടായത്‌. ഇവിടെ നിന്ന്‌ പമ്പയിലേക്കുള്ള സർവീസ്‌ നിശ്ചയിച്ച 50 ബസുകളുടെ മാത്രം കണക്കാണിത്‌. തിരക്കുള്ള സമയങ്ങളിൽ ലൈനിൽനിന്ന്‌ കൂടുതൽ ബസുകളെത്തിച്ച്‌ സർവീസ്‌ നടത്തിയിരുന്നു. ഇതുകൂടി കൂട്ടുമ്പോൾ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാകും. 1.42കോടി രൂപയാണ്‌ എരുമേലിയിൽനിന്നുള്ള ഇത്തവണത്തെ മണ്ഡലകാല വരുമാനം. 41 ലക്ഷം രൂപയുടെ അധികവരുമാനമാണ്‌ ഇത്തവണ എരുമേലി ഡിപ്പോയ്‌ക്ക്‌ ഉണ്ടായത്‌. 

 

അപകടം ഒഴിവാക്കാൻ റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ

കാളകെട്ടി വഴി കാൽനടയായെത്തുന്നവരെ രാത്രി തിരിച്ചറിയാൻ  തുണിസഞ്ചികളിൽ റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു. എരുമേലിയിൽനിന്ന് ഏകദേശം ഏഴ്‌ കിലോമീറ്ററോളം തിരക്കുള്ള പാതയിലൂടെ കുട്ടികളടങ്ങുന്ന സംഘം കൂട്ടമായി നടക്കാറുണ്ട്‌. രാത്രി ഉൾപ്പെടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചത്. എരുമേലി പേരൂതോട് റോഡിൽവെച്ച് ജോയിന്റ് ആർടിഒ ഷാനവാസ് കരീം, എരുമേലി സർക്കിൾ ഇൻസ്പെക്ടർ ഇ ഡി ബിജു, എംവിഐ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീർത്ഥാടകരുടെ ബാഗിൽ സ്റ്റിക്കർ പതിച്ചത്.

Share news