കുട്ടിക്കര്‍ഷകന് സഹായഹസ്തവുമായി സിപിഐ എം; 3 പശുക്കളെ നൽകി

മൂലമറ്റം: കുട്ടികര്‍ഷകന് സഹായഹസ്തവുമായി സിപിഐ എം. തമിഴ്നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് നല്ലയിനം പശുക്കളെയാണ് തിങ്കളാഴ്ച രാവിലെ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നേരിട്ടെത്തി കൈമാറിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കപ്പത്തൊലി കഴിച്ച് ഫാമിലെ 13 പശുക്കള്‍ ചത്തുവീണത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാത്യുവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു, പശുക്കളെ നല്‍കാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ച തികയുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് പാര്‍ടി. സിപിഐ എം ജില്ലാ കമ്മിറ്റിയും മൂലമറ്റം ഏരിയ കമ്മിറ്റിയും കർഷകസംഘം ജില്ലാകമ്മിറ്റിയും ഓരോ പശുക്കളെ വീതമാണ് നല്‍കിയത്.

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പാര്‍ടി മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവന്‍ നായര്‍ എന്നിവരാണ് സി വി വര്‍ഗീസിനൊപ്പം പശുക്കളെ കൈമാറിയത്. നല്ലരീതിയിൽ തന്നെ പശു വളര്‍ത്തല്‍ തുടര്‍ന്നും നടത്താൻ നല്ലൊരു തൊഴുത്ത് പണിയണം. കർഷക സംഘവും പാർടിയും ഇതിനും ഒപ്പംനില്‍ക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു.

