പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കോൺഗ്രസ് നേതാൾക്കൾക്കെതിരെ കേസെടുത്തു

കൊച്ചി: അറസ്റ്റിലായ പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കോൺഗ്രസ് നേതാൾക്കൾക്കെതിരെ കേസെടുത്തു. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. ഹൈബി ഈഡൻ എം പി, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ്, അൻവർ സാദത്ത് എന്നിവരും കേസിൽ പ്രതികളാണ്.

പാലാരിവട്ടത്ത് പ്രതിഷേധവുമായി നവകേരള ബസിനുമുന്നിലേക്ക് ചാടി, തടയാൻ ശ്രമിച്ച ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ അറസ്റ്റിലായ പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നേതാക്കളുടെ നേതൃത്വത്തിൽ പാലാരിവട്ടത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥയുണ്ടാക്കുകയായിരുന്നു.

റോഡിൽ തീയിട്ട് ഉപരോധിച്ചതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറുകളോളാം വഴിയിൽ കുടുങ്ങി. യാത്രക്കാരും വലഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും പ്രവർത്തകർ കത്തിച്ചു. ഇതിനിടെ വാഹനങ്ങൾ കടത്തിവിടാൻ ആവശ്യപ്പെട്ട യാത്രക്കാരെയും ഓൺലൈൻ മാധ്യമപ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്വകാര്യ ബസ് ജീവനക്കാരുമായും സംഘർഷമുണ്ടായി. കൂടുതൽ പൊലീസ് എത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.

