KOYILANDY DIARY.COM

The Perfect News Portal

വടയക്കണ്ടി നാരായണൻ രചിച്ച ‘ചെറുധാന്യ പെരുമ’ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: മില്ലറ്റ് സൈദ്ധാന്തികനും പ്രചാരകനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ രചിച്ച ‘ചെറുധാന്യ പെരുമ’ എന്ന പുസ്തകം കഥാകാരൻ യുകെ കുമാരൻ പ്രകാശനം ചെയ്തു. ബിനീഷ് ചേമഞ്ചേരി ഏറ്റുവാങ്ങി. ചേമഞ്ചേരി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ  അബു ഇരിങ്ങാട്ടിരി അധ്യക്ഷതവഹിച്ചു. എഴുത്തുകാരായ ഹംസ ആലുങ്ങൽ, ഹക്കിം ചോലയിൽ, മുഖ്താർ ഉദരംപൊയൽ, മുനീർ അഗ്രഗാമി, നൗഫൽ പനങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
പേരക്ക ബുക്സ് ആണ് പ്രസാധകർ. ഒൻപത് മില്ലറ്റുകളിലെയും സൂക്ഷ്മ ഘടകങ്ങളെ കുറിച്ചുള്ള വിവരണം, ഓരോന്നിന്റെയും ആരോഗ്യ, ഔഷധ, രോഗശമന ഗുണങ്ങൾ, ഉപയോഗ രീതി, മില്ലറ്റ് കൃഷി, കേരളത്തിലെ സാമൂഹ്യ ആരോഗ്യത്തിൻ്റെ ഭീതിതമായ അവസ്ഥ, ജീവിതശൈലി രോഗങ്ങളെ തരണം ചെയ്യാൻ ചെറുധാന്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവയാണ് പുസ്തകത്തിലെ പ്രതിപാദ്യം.  മില്ലറ്റ് പ്രചാരണത്തിനായി ലേഖകൻ ആനുകാലികങ്ങളിൽ ലേഖനങ്ങൾ, മില്ലറ്റ് സോങ് എന്നിവ രചിക്കുകയും ആകാശവാണിയിൽ അഭിമുഖം, വിവിധ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്. 
ലേഖകന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്. നേരത്തെ സേവ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ കോ – ഓർഡിനേറ്റർ ആയി പ്രവർത്തിച്ചതിന്റെ അനുഭവക്കുറിപ്പുകൾ, “സേവ്: പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം” എന്നപേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി അധ്യാപകനായി വിരമിച്ച ലേഖകൻ പരിസ്ഥിതി പ്രവർത്തനത്തിന് സർക്കാരിൻറെ വനമിത്ര പുരസ്കാരവും ദേശീയ അധ്യാപക ഇന്നവേഷൻ പുരസ്കാരവും നേടിയിട്ടുണ്ട്. 
Share news