ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം; ഇ പി ജയരാജൻ
തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരാളുടെ മതമോ വിശ്വാസമോ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നാണ്.

എന്നാൽ ബിജെപി ശ്രമിക്കുന്നത് രാഷ് ട്രീയ നേട്ടത്തിനായി മതത്തേയും വിശ്വാസത്തേയും ഉപയോഗിക്കുക എന്നതാണ്. അതിനായി വർഗീയ വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്. അവർ അധികാരത്തിൽ വന്ന നാൾമുതൽ അതിനാണ് ശ്രമം.മതവിശ്വാസത്തെ ദുർവ്യാഖ്യാനിച്ച് വർഗീയത സൃഷ്ടിച്ച് അതിൽനിന്ന് നേട്ടം കൊയ്യാൻ ശ്രമിച്ചതാണ് മണിപ്പുരിൽ കണ്ടത്.

അത് തിരിച്ചറിയാൻ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക് കഴിയുമെന്നും ഇ പി പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുവിഭജനം മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ളതാണ്. ഏതൊക്കെ വകുപ്പുകളെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുകയെന്നും ഇ പി പറഞ്ഞു.

