കുളത്തൂരിൽനിന്ന് കാണാതായ വിദ്യാർഥിയെ തമിഴ്‌നാട്ടിൽ കണ്ടെത്തി
തിരുവനന്തപുരം: കുളത്തൂരിൽനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ തമിഴ്‌നാട്ടിൽനിന്ന് കണ്ടെത്തി. ബാലരാമപുരം അവണാകുഴി മരുതംകോട് ശ്രീസാഗരം വീട്ടിലെ സഞ്ചുവിന്റെയും ശ്രീജയുടെയും മകന്‍ ആദര്‍ശിനെ ഡിസംബര്‍ 20 നാണ് കാണാതായത്. മാർത്താണ്ഡം കരുങ്കലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബര്‍ 20ന് സ്‌കൂളില്‍വെച്ച് കൂട്ടുകാരുമായി അടിപിടി ഉണ്ടായതിന് ശേഷമാണ് ആദര്‍ശിനെ കാണാതായത്. അടിപിടി നടന്ന ദിവസം പരീക്ഷ കഴിഞ്ഞ് ആദര്‍ശ് തിരികെ വീട്ടില്‍ എത്തിയില്ല. അതേദിവസം വൈകുന്നേരത്തോടെ ഉച്ചക്കടയില്‍ വെച്ചാണ് കുട്ടിയെ അവസാനമായി ആളുകള്‍ കണ്ടത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് ജില്ലക്കകത്തും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടായിരുന്നു.

