നൈറ്റ് ഡ്രോപ്പർ മയക്കുമരുന്ന് വിൽപ്പനശൃംഖലയിലെ പ്രധാനികൾ പിടിയിൽ
കൊച്ചി: നൈറ്റ് ഡ്രോപ്പർ മയക്കുമരുന്ന് വിൽപ്പനശൃംഖലയിലെ പ്രധാനികൾ എക്സൈസ് പിടിയിൽ. കൊടുങ്ങല്ലൂർ എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ തേപറമ്പിൽ ആഷിക് അൻവർ (24), വടക്കേ തലക്കൽ ഷാഹിദ് (27), വൈപ്പിൻ കാട്ടിൽ അജ്മൽ (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 10 എൽഎസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാറും മൂന്ന് സ്മാർട്ട് ഫോണുകളും 3000 രൂപയും കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്നുമായി പിടിയിലായവർ നൽകിയ വിവരമനുസരിച്ച് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. ദൃശ്യങ്ങളിൽ ചുവപ്പുനിറത്തിലുള്ള കാറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാത്രിയോടെമാത്രം പുറത്തിറങ്ങുന്ന വാഹനം എക്സൈസ് കണ്ടെത്തി അതീവരഹസ്യമായി പിന്തുടർന്നു.

വൈറ്റില– പൊന്നുരുന്നി സർവീസ് റോഡിൽ വാഹനം നിർത്തി മയക്കുമരുന്ന് കൈമാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടികൂടിയത്. അക്രമാസക്തരായ സംഘം കടന്നുകളയാൻ ശ്രമിച്ചെങ്കിലും എക്സൈസ് വാഹനം കുറുകെയിട്ടു. ഇതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മൂവരെയും നാട്ടുകാരുടെകൂടി സഹായത്തോടെ പിടികൂടി. 450 മൈക്രോൺസ് വരെ കണ്ടന്റുള്ള അത്യന്തം വിനാശകാരിയായ “അൾട്രാ ഗണേഷ്’ വിഭാഗത്തിൽപ്പെടുന്ന ത്രീ ഡോട്ടഡ് എൽഎസ്‌ഡി സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്.

വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് അസിസ്‌റ്റന്റ് കമീഷണർ ടി എൻ സുധീർ അറിയിച്ചു. ഇൻസ്പെക്ടർ എസ് മനോജ് കുമാർ, ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ ഡി ടോമി, എൻ എം മഹേഷ്, സിഇഒമാരായ പി പത്മഗിരീശൻ, ഡി ജെ ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

നൈറ്റ് ഡ്രോപ്പർമാർ: ഇടപാട് അതിവിദഗ്ധം
മയക്കുമരുന്നുകളുമായി പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പർമാർ. സമൂഹമാധ്യമംവഴി ഇവരോട് മയക്കുമരുന്ന് ആവശ്യപ്പെട്ടാൽ ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീമിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്നതാണ് ആദ്യപടി. പണം ലഭിച്ചാൽ ആളുകൾ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ വെള്ളം നനയാത്തരീതിയിൽ മയക്കുമരുന്ന് പാക്ക് ചെയ്‌തുവയ്‌ക്കും.
പ്രത്യേകതരം കോഡുള്ള നമ്പറിൽനിന്ന് മയക്കുമരുന്ന് ആവശ്യപ്പെടുന്നവരുടെ വാട്‌സാപ്പിലേക്ക് സ്ഥലത്തിന്റെ ലൊക്കേഷനും വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും അയക്കും. ‘ഡ്രോപ് കംപ്ലീറ്റഡ്’ എന്ന മെസേജും വരും. ആവശ്യക്കാരൻ സ്ഥലത്തെത്തി എടുത്തുകൊണ്ടുപോകും. വിൽപ്പനക്കാരും വാങ്ങുന്നവരും ഒരിക്കലും കണ്ടുമുട്ടില്ല.
