മെട്രോയിൽ യാത്ര ചെയ്യാമെന്ന് പറഞ്ഞ് 52-കാരിയെ പീഡിപ്പിച്ച് ചതുപ്പില്‍ തള്ളി
എറണാകുളം: മെട്രോയിൽ യാത്ര ചെയ്യാമെന്ന് പറഞ്ഞ് 52-കാരിയെ പീഡിപ്പിച്ച് ചതുപ്പില്‍ തള്ളിയ കേസില്‍ പ്രതിയായ അസം സ്വദേശി ഫിര്‍ദൗസ് അലിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയില്‍ പരേഡ് നടത്തിയത്. വ്യാഴാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും.

ഡിസംബര്‍ 13ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ 52-കാരിയെയാണ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി എറണാകുളം കമ്മിട്ടിപ്പാടത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് ചതുപ്പില്‍ തള്ളിയത്. 500 രൂപ വാഗ്ദാനം ചെയ്യുകയും മെട്രോ ട്രെയിനില്‍ കൊണ്ടുപോകാമെന്നും പറഞ്ഞാണ് ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയത്.

ഓട്ടോയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഇറങ്ങിയശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം ചതുപ്പിലേക്ക് തള്ളുകയായിരുന്നു. ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നുകളഞ്ഞു. രാത്രി പത്തരയോടെയാണ് ഗുരുതരാവസ്ഥയിലായ സ്ത്രീയെ പ്രദേശവാസികളായ യുവാക്കള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലഹരിക്കേസില്‍ നേരത്തേ അറസ്റ്റിലായ ഫിര്‍ദൗസ് ഏതാനും മാസം മുന്‍പാണ് ജ്യാമത്തിലിറങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന പരിസരത്ത് ഫിര്‍ദൗസിന്റെ സാന്നിധ്യം വ്യക്തമായി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ സിം ആക്ടീവായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ കലൂര്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

