കഞ്ചിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ABVP അക്രമം: രണ്ട് SFI പ്രവർത്തകർക്ക് ഗുരുതര പരിക്ക്
കഞ്ചിക്കോട് : കഞ്ചിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാരകായുധങ്ങളുമായി എത്തിയ എബിവിപി പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്ലസ്‌ടു വിദ്യാർഥിയുമായ മായപ്പള്ളം സിഷാന്ത് (17), യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം മായപ്പള്ളം സ്വദേശി വിശാൽ (17) എന്നിവരെയാണ് ആക്രമിച്ചത്. സിഷാന്തിന് കൈയിലും വിശാലിന് തലയിലുമാണ് പരിക്ക്. വിശാലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞദിവസം നടന്ന സ്കൂൾ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എബിവിപിയിൽനിന്ന് യൂണിയൻ തിരിച്ചുപിടിച്ചിരുന്നു. ഇതാണ് ആക്രമണത്തിനുകാരണം. ഒരാഴ്ചയായി സ്കൂളിലെ എബിവിപി പ്രവർത്തകർ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു. എബിവിപി പ്രവർത്തകർ ലഹരിമരുന്ന് ഉപയോഗിച്ച് ക്ലാസിൽ വരുന്നത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതും പ്രകോപനകാരണമായി. ഗ്രൗണ്ടിലും ക്ലാസ് മുറിയിലും വച്ചാണ് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തു.


പരിക്കേറ്റവരെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ എന്നിവർ ഒപ്പമുണ്ടായി.

