നവകേരള സദസ്സിൽ താരങ്ങളായി അബിഗേൽ സാറയും ജൊനാഥനും
കൊല്ലം: നവകേരള സദസ്സിൽ താരങ്ങളായി അബിഗേൽ സാറയും ജൊനാഥനും. ചടയമംഗലം മണ്ഡലം നവകേരള സദസ്സ് നടന്ന കടയ്‌ക്കലിൽ അച്ഛനമ്മമാർക്കൊപ്പം എത്തിയ കുട്ടികളെ ആളുകൾ സ്നേഹംകൊണ്ട് പൊതിഞ്ഞു. വേദിയിലെത്തിയ ഇരുവരോടും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ സ്നേഹം പങ്കുവച്ചു. നവകേരള സദസ്സിന്റെ മൊമെന്റോ സമ്മാനിച്ചു.

പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ റെജി ജോണിന്റെയും സിജിയുടെയും മകൾ അബിഗേൽ സാറ റെജിയെ നവംബർ 27ന് തട്ടിക്കൊണ്ടുപോയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വൈകിട്ട് സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകവെ വീടിനു സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്.

ഇതിനെ ധീരമായി ചെറുത്ത ജൊനാഥനാണ് വിവരം പുറത്തറിയിച്ചത്. 20 മണിക്കൂറിനുശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. 100 മണിക്കൂർ തികയുംമുമ്പ് പ്രതികളെ പിടികൂടി. സർക്കാരിന്റെ ജാഗ്രതയോടെയുള്ള ഇടപെടലിന് നന്ദി അറിയിക്കാൻ കൂടിയാണ് കുടുംബമെത്തിയത്.

