KOYILANDY DIARY.COM

The Perfect News Portal

കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തില്‍ അധികം ആളുകൾ

കൊച്ചി: ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തില്‍ അധികം ആളുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ മെട്രോ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.  1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതില്‍ ടൂറിസം സാധ്യതകളെ വളര്‍ത്തുകയും ചെയ്യുന്നതായി മുഖമന്ത്രി വ്യക്തമാക്കി, നവകേരള സദസിന്റെ ഭാഗമായി കൊച്ചി കലൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൊച്ചി നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂര്‍ത്തിയാവുകയാണ്. എസ് എന്‍ ജംഗ്ഷനില്‍ നിന്നും അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി. സ്‌റ്റേഷന്റേയും വയഡക്റ്റിന്റേയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രയല്‍ റണ്ണും അധികം വൈകാതെ പൂര്‍ത്തിയാക്കും. ആലുവ മുതല്‍  തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്.

 

കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ നടത്തുന്ന നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയം. ഈ മാറ്റം സംസ്ഥാനത്താകെ ദൃശ്യമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഐബിഎം സോഫ്റ്റ്‌വെയറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (പ്രോഡക്ട്‌സ്) ദിനേശ് നിര്‍മ്മല്‍ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്‌സ് മൈഗ്രേഷന്‍ നടക്കുന്നു എന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ലെ ജീവനക്കാര്‍ കേരളത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. 

Advertisements

 

ഇതാണ് കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ടു നാടിനുണ്ടായ മാറ്റം. വന്‍കിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങില്‍ 15ആം സ്ഥാനത്ത് ഇക്കാലയളവില്‍ നമ്മളെത്തി. 

 

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ്‌വെയര്‍ ലാബില്‍ മാത്രം ഒരു വര്‍ഷം കൊണ്ട് 1000 ഓളം ആളുകള്‍ക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബില്‍ഡിംഗ് കൈമാറി. ഇവിടെ ഇപ്പോള്‍ ഏകദേശം 3500 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവര്‍ കിന്‍ഫ്രയില്‍ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

ടിസിഎസിനു കാക്കനാട് കിന്‍ഫ്രയുടെ 36 ഏക്കര്‍ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷന്‍ ക്യാമ്പസിന്റെ ആദ്യഘട്ടം പൂര്‍ത്തിയയാവുമ്പോള്‍ 5000 എഞ്ചിനീയര്‍മാര്‍ക്കും രണ്ടാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 10000 പേര്‍ക്കും തൊഴില്‍ ലഭിക്കും. സിമുലേഷന്‍ ആന്റ് വാലിഡേഷന്‍ മേഖലയില്‍ ലോകത്തെ തന്നെ പ്രമുഖ കമ്പനിയായ ഡിസ്‌പേസ് ടെക്‌നോളജീസ് കേരളത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിച്ചു. എയ്‌റോസ്‌പേസ്/ഡിഫന്‍സ് മേഖലകളില്‍ ആഗോള പ്രശസ്തരായ സഫ്രാന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 30 ഏക്കറില്‍ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകള്‍ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതി പൂര്‍ണമാകുന്നതോടെ 4000 പേര്‍ക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയില്‍ അരൂരില്‍ 150 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 10 ഏക്കറില്‍ പൂര്‍ത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. 


        
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്‌സ് ഗ്രൂപ്പ് കൊച്ചിയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറില്‍ ആരംഭിച്ച് ഒന്നരവര്‍ഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇന്‍വെസ്റ്റര്‍. ഇതിലൂടെ  ബില്‍ടെക്, ആസ്‌കോ ഗ്ലോബല്‍, അറ്റാച്ചി, ട്രൈസ്റ്റാര്‍, വെന്‍ഷ്വര്‍, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്‌റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറായി.

ഇത്തരത്തില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലക്കുമ്പോള്‍ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലേലത്തില്‍ പങ്കെടുത്ത് ഏറ്റെടുത്തതാണ് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്. ഇന്ന് ഇന്ത്യയില്‍ തന്നെ പ്രധാനപ്പെട്ട 25ല്‍ അധികം പത്രമാധ്യമങ്ങള്‍ക്ക് കെപിപിഎല്‍ ഇപ്പോള്‍ കടലാസ് വിതരണം ചെയ്യുന്നു. ചന്ദ്രയാന്‍3 ല്‍ കേരളത്തില്‍ നിന്നുള്ള 6 (കെല്‍ട്രോണ്‍, കെഎംഎംല്‍, സ്റ്റീല്‍ ആന്റ് ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ്, ടി.സി.സി, കെഎഎല്‍. സിഡ്‌കോ)  പൊതുമേഖലാ സ്ഥാപനങ്ങളും 20 ഓളം എം.എസ്.എം.ഇ സ്ഥാപനങ്ങളും പങ്കാളികളായി എന്നത് ഈ മേഖലയില്‍ നമ്മള്‍ കൈവരിച്ച പുരോഗതിയുടെ തെളിവാണ്. 

സംരംഭകത്വത്തിനു രാജ്യത്തിനാകെ കേരളം മാതൃകയാവുന്ന ഘട്ടമാണിത്. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വര്‍ഷം എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കുക്കപ്പെട്ടു. വ്യവസായ വികസനത്തിന് കുതിപ്പ് നല്‍കാന്‍ 16 വ്യവസായ പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയില്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റര്‍ ന്റെ ഭാഗമായി 1710  ഏക്കര്‍ ഭൂമിയില്‍  85 %  ഏറ്റെടുത്തുകഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ  ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഇന്‍ഫോ പാര്‍ക്കിന് സമീപം അന്താരാഷ്ട്ര എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണമാരംഭിച്ചു.

ആലപ്പുഴ മെഗാ ഫുഡ് പാര്‍ക്ക്,  ഇടുക്കി  തൊടുപുഴ സ്‌പൈസെസ് പാര്‍ക്ക്,  ചേര്‍ത്തലയില്‍ തുടങ്ങുന്ന മാരിടൈം ക്ലസ്റ്റര്‍ എന്നിവയും എടുത്തു പറയേണ്ടതാണ്. ‘നാളെയുടെ പദാര്‍ത്ഥം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ആണ് ഗ്രഫീന്‍ ഉല്‍പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ലോകത്താദ്യമായി ഗ്രാഫീന്‍ പോളിസി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ ഡിസ്‌ക് മുന്‍കയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിങ്ങ് കണ്‍സോര്‍ഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു. 

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കയറ്റുമതി വികസനം  പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ രൂപീകരിക്കും. ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയില്‍ ലാന്‍ഡ് പൂള്‍ രീതിയില്‍ കണ്ടെത്തും. ഇത്തരം ഇടപെടലുകളാണ് നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്നത്. അത് ജനങ്ങളുടെ മനസ്സില്‍ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയം. നവകേരള സദസ്സ് ആരംഭിച്ച്  20 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 76 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിടുകയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ആകെ 54,260 നിവേദനങ്ങള്‍ ആണ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. അങ്കമാലി  3123,ആലുവ  4249,പറവൂര്‍  5459എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്. മുഖ്യമന്ത്രി വ്യക്തമാക്കി.

Share news