ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ അറസ്റ്റിൽ
എടക്കര: ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇയെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ സുൽഫിക്കർ (32) ആണ് പിടിയിലായത്. റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു.

നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് എഎസ്ഐ അരവിന്ദാക്ഷനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷോർണുർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.

