KOYILANDY DIARY.COM

The Perfect News Portal

കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാറിൻ്റെ ഭാര്യ അനിത കുമാരി

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ഫോൺ ചെയ്തത്.

രണ്ടു തവണയായാണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ആദ്യത്തെ തവണ വിളിച്ചപ്പോൾ അഞ്ചു ലക്ഷം രൂപയും രണ്ടാമത്തെ തവണ മോചനദ്രവ്യം പത്തു ലക്ഷമായി ഉയർത്തിയായിരുന്നു അനിതയുടെ ഫോൺകോൾ. കേസിൽ പത്മകുമാറും ഭാര്യ അനിതകുമാരി, മകൾ അനുപമയും പൊലീസ് കസ്റ്റഡിയിലാണ്. കാറും ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാൻ കാരണം തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. തന്റെ വസ്തുവിറ്റാൽ ആറ് കോടി കിട്ടുമെങ്കിലും വസ്തുവിൽക്കാൻ സാധിക്കാതെ വന്നതിനാലാണ് പത്ത് ലക്ഷത്തിന് വേണ്ടി ഈ കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറയുന്നത്. ഫാം ഹൗസ് പണയപ്പെടുത്തിയാണ് ഇയാൾ വായ്പയെടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയെ പാർപ്പിച്ചിരുന്നതും ഇതേ ഫാം ഹൗസിലാണ്.

Advertisements

അതേസമയം കൂടുതൽ പ്രതികളെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴി എടുക്കും. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ലക്‌ഷ്യം. മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Share news