സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. മുഖ്യവേദിയായ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പകൽ 11ന് സ്‌പീക്കർ എ എൻ ഷംസീർ മേള ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും.

നഗരത്തിലെ ഏഴ് സ്‌കൂളുകൾ വേദിയൊരുക്കുന്ന നാല് ദിവസത്തെ മേളയിൽ ജില്ലകളിൽനിന്നുള്ള ഒന്നും രണ്ടും സ്ഥാനക്കാർ മാറ്റുരയ്‌ക്കും. ശാസ്ത്ര,- ഗണിതശാസ്ത്ര,- സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, -ഐടി മേളകളിൽ 180 ഇനങ്ങളിലായി 7500 വിദ്യാർഥികൾ പങ്കെടുക്കും. 3000 അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വളന്റിയർമാരുമുണ്ടാകും.
വൊക്കേഷണൽ എക്‌സ്‌പോ, കരിയർ ഫെസ്‌റ്റ് എന്നിവയും കലാപരിപാടികളുമുണ്ട്. സമാപന സമ്മേളനം ഡിസംബർ മൂന്നിന് വൈകിട്ട് നാലിന് വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.


180 മത്സര ഇനങ്ങൾ; 7000 പ്രതിഭകൾ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയിൽ കുട്ടിമനസ്സുകളിലെ വലിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാൻ ജില്ലാ മത്സരങ്ങളിൽ മികവ്‌തെളിയിച്ച് എത്തുന്നത് 7000 വിദ്യാർഥി പ്രതിഭകൾ. ശാസ്‌ത്ര, ഗണിതശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ 180 ഇനങ്ങളിലാണ് ഇവർ മാറ്റുരയ്‌ക്കുക. ആദ്യദിനമായ വ്യാഴാഴ്‌ച രജിസ്‌ട്രേഷനോടെയാണ് തുടക്കം. ഉദ്‌ഘാടന ശേഷം പകൽ രണ്ടോടെ മത്സരങ്ങൾ ആരംഭിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളാണ് സംസ്ഥാന മത്സരത്തിന് എത്തുന്നത്.


കുട്ടികളുടെ താമസം, യാത്ര, വൈദ്യസഹായം, ഭക്ഷണം, സുരക്ഷ എന്നിവയ്‌ക്ക് പ്രത്യേക പ്രാധാന്യം സംഘാടകർ നൽകിയിട്ടുണ്ട്. നഗരത്തിലെ കെഎസ്‌ആർടിസി ബസ് ടെർമിനൽ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ ഒരുക്കിയിട്ടുണ്ട്.

10,000 പേർക്ക് 3 നേരം ഭക്ഷണം;
ഉച്ചയൂണ് മത്സരവേദികളിൽ വിളമ്പും
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ പതിനായിരത്തിലേറെ പേർ പങ്കാളികളാകുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഉച്ചഭക്ഷണം അതത് വേദിയിൽ വളന്റിയർമാർ എത്തിക്കും. തൈക്കാട് മോഡൽ എൽപി സ്‌കൂളിലെ കലവറയിൽനിന്ന് ഇവ മത്സരവേദികളിലെത്തിക്കാൻ 200 അധ്യാപകരുടെ നേതൃത്വത്തിൽ വലിയ ഒരുക്കമാണ് പൂർത്തിയാക്കിയിട്ടുള്ളത്.
എല്ലാ വേദികളിലും ബുഫെ രീതിയിലാണ് ഭക്ഷണവിതരണം. പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും ഉച്ചഭക്ഷണത്തോടൊപ്പമുണ്ട്. 10,000 പേർക്ക് മൂന്നുനേരവും ഭക്ഷണം തയ്യാറാക്കുന്നത് നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിലെ നേശൻ നാടാർ ആൻഡ് സൺസിലെ എൻ ഷിബുവിന്റെ നേതൃത്വത്തിൽ 20 പാചകക്കാരാണ്. രാവിലെയും രാത്രിയും കലവറയ്‌ക്ക് സമീപം ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കലവറയിൽ പാചകത്തിന്റെ പാലുകാച്ചൽ മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ സുധ, വിദ്യാഭ്യാസ ഉപഡയറക്ടർ ജെ തങ്കമണി തുടങ്ങിയവർ സംസാരിച്ചു. വി ശശി എംഎൽഎ ചെയർമാനും ഡോ. എഫ് വിത്സൻ കൺവീനറുമായ സമിതിയാണ് ഭക്ഷണ കമ്മിറ്റിക്ക് ചുക്കാൻ പിടിക്കുന്നത്.
