KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് കേരളം; മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഇത് എടുത്ത് പറയേണ്ടി വന്നു.  സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ നവകേരള സദസ്സ് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ ‘ഇന്റര്‍വല്‍! എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് ഇന്റര്‍വെല്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ്  വന്നത്. അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്.

 

30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. 2022 ഒക്ടോബറില്‍ കേരള സംഘം ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നല്ലോ. കേരളവും ഫിന്‍ലാന്‍ഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാന്‍ഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്ന് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചത്. തിരിച്ചെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫിന്‍ലാന്‍ഡില്‍ നമുക്കുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പറഞ്ഞത് ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. 

Advertisements

 

വയോജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിന്‍ലാന്‍ഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത  സ്വാഭാവികമായും ഉണ്ട്. ഈ ‘സ്‌കില്‍ ഷോര്‍ട്ടേജ്’ നികത്താനാണ് ഫിന്നിഷ് ഗവണ്മെന്റ് ‘ടാലന്റ് ബൂസ്റ്റ് പ്രോഗ്രാം’ എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കഴിവുള്ള യുവാക്കളെ ഫിന്‍ലാന്‍ഡിലേക്ക് ക്ഷണിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ പ്രധാന ടാര്‍ഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാന്‍ ആദ്യമായി ഒരു സംഘത്തെ ഫിന്‍ലാന്‍ഡിലേക്ക് അയച്ചത്. 

 

കേരള സംഘത്തിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് പുറമേ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റവുമായി കൂടി സഹകരിക്കാനാണ് ഫിന്‍ലാന്‍ഡ് പദ്ധതിയിട്ടത്. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് വിദേശ പര്യടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. ഫിന്നിഷ് ഗവണ്മെന്റിന്റെ ‘ടാലന്റ് ബൂസ്റ്റ്’ പ്രോഗ്രാമിലേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഉള്‍ച്ചേര്‍ക്കാന്‍ തയ്യാറായത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമാവും. ഇന്ന് ഇന്റര്‍വല്‍! ഈ അഭിമാന നേട്ടം കൈവരിക്കുമ്പോള്‍ അത് ഈ നാടിന്റെയാകെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്. 4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ല്‍ കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ത്ഥ്യമാക്കി.

കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 4800ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ വഴി 50,000 തൊഴിലുകളാണ്  സൃഷ്ടിച്ചത്. 2021, 22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്‌സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌ക്കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി.

സാമൂഹിക ഉന്നമനത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉള്‍ക്കാഴ്ചയുമാണ് വേണ്ടത്. അത്  യുവതലമുറയോട് ആവര്‍ത്തിച്ച് പറയുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഒരുദാഹരണമാണ് അരീക്കോട്ടെ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ വിജയം എന്ന് നിസ്തര്‍ക്കം പറയാനാകും. 

നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,601 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്4778, തിരൂരങ്ങാടി4317, കോട്ടയ്ക്കല്‍3673, വേങ്ങര3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി4192, തവനൂര്‍3766, തിരൂര്‍4094, താനൂര്‍2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share news