മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ
കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവങ്ങൂരിൽവെച്ച് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലെ നവകേരള സദസ്സിലേക്ക് വരുന്നതിനിടെയായിരുന്നു കരിങ്കൊടി പ്രയോഗം നടത്താൻശ്രമിച്ചത്.

മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് തൻഹീർ കൊല്ലം, കെ.എസ്.യു സംസ്ഥാനകമ്മിറ്റി അംഗം എ.കെ. ജാനിബ്, നടേരി മീത്തലെ കുപ്പേരി സായിഷ് (35), യൂത്ത് കോൺഗ്രസ്സ് ബ്ളോക്ക് ജനറൽ സെക്രട്ടറി വെങ്ങളം മുഹമ്മദ് ഷഹീർ , കോരപ്പുഴ കെ.എം ആദർശ് (24), മൂടാടി ഷംനാസ് (29) ആർ. ഷാനവാസ് തിക്കോടി എന്നിവരാണ് അറസ്റ്റിലായത് . കൊയിലാണ്ടി സി.ഐ.എം.വി. ബിജു, എസ്.ഐ.പി.എം ശൈലേഷ് എന്നിവക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടാനായത്.

