KOYILANDY DIARY.COM

The Perfect News Portal

ആര്യയുടെ ‘അമ്മമനസ്സിന്‌’ കേരളത്തിന്റെ സല്യൂട്ട്‌

കൊച്ചി: അതിഥിതൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയ സിവിൽ പൊലീസ്‌ ഓഫീസർ എം എ ആര്യയുടെ ‘അമ്മമനസ്സിന്‌’ കേരളത്തിന്റെ സല്യൂട്ട്‌. കുഞ്ഞിനെ സ്വന്തം മകളായി കരുതി മുലയൂട്ടിയത്‌ മാധ്യമങ്ങളിൽനിന്ന്‌ അറിഞ്ഞതോടെ ആര്യക്ക്‌ വിവിധ കോണുകളിൽനിന്ന്‌ അഭിനന്ദനപ്രവാഹം.

മന്ത്രി വീണാ ജോർജ്‌ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ‘‘അമ്മയെന്ന സ്‌നേഹത്തിന്റെ കനിവാണ് ആര്യയിൽ കണ്ടത്‌. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കുംവരെ വനിത–-ശിശു വികസനവകുപ്പ് ഇവരെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ കാരണങ്ങളാൽ മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ഉറപ്പാക്കാൻ സംസ്ഥാനത്ത് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നുണ്ട്‌.

 

കോഴിക്കോട് മാതൃശിശുകേന്ദ്രത്തിലും തൃശൂർ മെഡിക്കൽ കോളേജിലും ഇത്‌ പ്രവർത്തനസജ്ജമാണ്‌. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ആരംഭിക്കാൻ നടപടി പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ആര്യയെ എറണാകുളം സിറ്റി പൊലീസ്‌ കമീഷണർ എ അക്‌ബർ ആദരിച്ചു. പ്രശസ്‌തിപത്രവും കൈമാറി. ആര്യയുടെ സഹപ്രവർത്തകരെയും അഭിനന്ദിച്ചു.

Advertisements

 

സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ ആര്യ പറഞ്ഞു. ‘‘അഭിനന്ദനങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെയാണ്‌ ആ കുരുന്നിനെ കണ്ടപ്പോൾ ഓർത്തത്‌. ആ മോളെ വീണ്ടും കാണണം’’–- ആര്യ പറഞ്ഞു. ‘അതിഥിക്കുരുന്നിന്‌’ സുഖം; 
കാത്തിരിക്കുന്നു ‘പെറ്റമ്മയെ’ ‘അമ്മമാരുടെ’ സ്‌നേഹം നുണഞ്ഞ്‌ ‘അതിഥിക്കുരുന്ന്‌’. ആദ്യദിനം മുലപ്പാൽ പകർന്ന്‌ സിവിൽ പൊലീസ്‌ ഓഫീസർ ആര്യ അവളുടെ ‘അമ്മ’യായെങ്കിൽ ഇപ്പോളവൾ ഒത്തിരി അമ്മമാരുടെ വാത്സല്യത്തണലിലാണ്‌.

 

ഐസിയുവിൽ കഴിയുന്ന പട്‌ന സ്വദേശിനി അജനയുടെ നാലുമാസംപ്രായമുള്ള പെൺകുഞ്ഞിനും സഹോദരങ്ങൾക്കും ശിശുഭവനിൽ സുഖം. അജനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്‌. എറണാകുളം വനിതാ സ്‌റ്റേഷനിലെ പൊലീസുകാരാണ്‌ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്ന്‌ പട്‌ന സ്വദേശിനിയായ അജനയുടെ നാല്‌ കുട്ടികളെ ശിശുഭവന്‌ കൈമാറിയത്‌. അജനയുടെ ഹൃദയവാൽവിലെ തടസ്സത്തെത്തുടർന്ന്‌ ജനറൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതിനാലാണിത്‌. സ്‌റ്റേഷനിൽ എത്തിച്ചപ്പോഴാണ്‌ നാലുമാസംപ്രായമുള്ള പെൺകുഞ്ഞിന്‌ സിവിൽ പൊലീസ്‌ ഓഫീസർ എം എ ആര്യ മുലപ്പാൽ നൽകിയത്‌.

ആര്യയുടെ അമ്മ മനസ്സിനെ കേരളം മുഴുവൻ അഭിനന്ദിച്ചു. കുട്ടികളെ സ്‌റ്റേഷനിൽനിന്ന്‌ പിന്നീട്‌ ശിശുഭവനിലേക്ക്‌ മാറ്റി. ഇവിടെയുള്ള 11 സിസ്‌റ്റർമാരും ജീവനക്കാരും ആഹ്ലാദത്തോടെ കുരുന്നുകളെ സ്വീകരിച്ചു. കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും നൽകി. കുഞ്ഞുവാവയും അവിടെ സന്തോഷത്തിലാണ്‌. അവൾക്ക്‌ കുപ്പിപ്പാൽ നൽകുന്നു. ചിരി കാണാനും തൊടാനും ശിശുഭവനിലെ മറ്റുകുട്ടികളും ചാരെയുണ്ട്‌. ഈ സന്തോഷത്തിലും പെറ്റമ്മയെ കാത്തിരിക്കുകയാണ്‌ മക്കൾ.

നാല്‌ മക്കളെക്കൂടി കിട്ടിയ ആഹ്ലാദത്തിലാണ്‌ ശിശുഭവനിലെ ‘അമ്മമാർ’. കുഞ്ഞുങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്‌ സിസ്‌റ്റർ യുഫ്രേസിയ പറഞ്ഞു. കുഞ്ഞുവാവയെ സിസ്‌റ്റർ ഉഷാറാണിയുടെ മേൽനോട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. സിഡബ്ല്യുസിയുടെയും പൊലീസിന്റെയും നിർദേശപ്രകാരമായിരിക്കും കുട്ടികളെ കൈമാറുകയെന്നും സിസ്‌റ്റർ പറഞ്ഞു.

കുട്ടികളുടെ അമ്മയുടെ ചികിത്സ ജനറൽ ആശുപത്രിയിൽ പുരോഗമിക്കുകയാണ്‌. ഹൃദയവാൽവിലെ തടസ്സം നീക്കി. ഐസിയുവിൽ തുടരുകയാണ്‌. മൂത്ത കുട്ടിയെ ബീഡിക്കുറ്റി വെച്ച്‌ പൊള്ളിച്ചതിന്‌ ഇവരുടെ  ഭർത്താവ്‌ റിമാൻഡിലാണ്‌. പൊള്ളലേറ്റ കുട്ടിയുമായി അമ്മ എത്തിയപ്പോൾ ആശുപത്രി അധികൃതർ ചൈൽഡ്‌ ലൈൻ പ്രവർത്തകരെയും തുടർന്ന്‌ ഇവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. അജനയെ അന്വേഷിച്ച്‌ ആശുപത്രിയിൽ ആരുമെത്തിയിട്ടില്ല, കൂട്ടിരിപ്പുകാരുമില്ല. ഡോക്ടർമാരും നഴ്‌സുമാരും ഇവർക്ക്‌ പ്രത്യേകശ്രദ്ധ നൽകുന്നുണ്ടെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ഷഹീർഷാ പറഞ്ഞു.

Share news