ദീപാലങ്കാരത്തിനുള്ള നിർദ്ദേശം അപമാനകരമാണെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൊയിലാണ്ടി പട്ടണത്തിൽ ദീപാലങ്കാരത്തിനുള്ള നിർദ്ദേശം അപമാനകരമാണെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം അലങ്കരിക്കണമെന്നാണ് വ്യാപാരികൾക്ക് സർക്കുലർ നൽകിയതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ഈ നടപടി അപലപനീയമാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൂടിയാണിതെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ മണൽ പറഞ്ഞു. ഈ ഉദ്യമത്തോട് വ്യാപാരികൾ സഹകരിക്കരുതെന്നും തീരുമാനത്തിൽ നഗരസഭ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
