സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

24 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട്. നാളെ ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

