സിൽവർ ലൈൻ പദ്ധതിയിൽ അഭിപ്രായം അറിയിക്കാൻ റെയിൽവേ ബോർഡിൻറെ നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് സിൽവർ ലൈൻ പദ്ധതി. വീണ്ടും അഭിപ്രായം അറിയിക്കാൻ റെയിൽവെ ബോർഡിൻ്റെ നിർദ്ദേശം. വിശദാംശങ്ങൾ അടിയന്തരമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഗതിശക്തി വിഭാഗം ഡയറക്ടർ എഫ് എ അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് നിർദ്ദേശിച്ചത്.

കാസർകോട്– തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ -റെയിൽ ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയിരുന്നു. അലൈൻമെൻറിലുള്ള റെയിൽവേ ഭൂമിയുടെയും നിലവിലുള്ള റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രോസുകളുടെയും വിശദ രൂപരേഖ സമർപ്പിക്കാൻ ബോർഡ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഇത്.

2020 സെപ്‌തംബറിൽ നൽകിയ ഡിപിആറിൽ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കും കെ- റെയിൽ മറുപടി നൽകിയിരുന്നു. റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശങ്ങൾക്കായി കെ -റെയിലും ദക്ഷിണ റെയിൽവേയും സംയുക്ത പരിശോധന നടത്തി. തുടർന്നാണ് സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന റെയിൽവേ ഭൂമിയുടെ വിവരങ്ങൾ നൽകിയത്. തിരുവനന്തപുരം മുതൽ കാസർകോടുവരെ 189.6 കിലോമീറ്ററിൽ 108 ഹെക്ടർ റെയിൽവേ ഭൂമി സിൽവർ ലൈനിനുവേണ്ടി ഏറ്റെടുക്കേണ്ടി വരും.

