KOYILANDY DIARY.COM

The Perfect News Portal

ദളിത് യുവതിയെ പീഡിപ്പിച്ച കോൺഗ്രസ് കൗൺസിലറെ പൊലീസ് പിടികൂടി

പരവൂർ: പരവൂരിൽ ദളിത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കോൺഗ്രസ് കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി. യൂത്ത് കോൺഗ്രസ് നേതാവും പരവൂർ മുനിസിപ്പാലിറ്റി ഒന്നാം വാർഡ് കൗൺസിലറുമായ കുറുമണ്ടൽ കടയിൽ വീട്ടിൽ ആർ എസ്‌ വിജയ് ആണ് പിടിയിലായത്.

സംഭവത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന പ്രതി തിരികെ നാട്ടിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഒക്ടോബറിലായിരുന്നു സംഭവം. പരവൂർ സ്വദേശിനിയായ യുവതിയോട് അടുപ്പം സ്ഥാപിച്ച ഇയാൾ വിവാഹവാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. യുവതിയും കുടുംബവും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ജാതീയമായി അധിക്ഷേപിച്ചു. തുടർന്ന് യുവതി പരവൂർ പൊലീസിൽ പരാതി നൽകി.

 

പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതിനു പിന്നാലെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവതി. വിദേശത്തേക്ക് കടന്ന പ്രതി തിരിച്ചെത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി പൊലീസ് പിടികൂടുകയായിരുന്നു. ചാത്തന്നൂർ എസിപി ഓഫീസിൽ എത്തിച്ച ഇയാളെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Advertisements

 

Share news