അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഭാഷ സംരക്ഷണ ദിനം ആചരിച്ചു
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഭാഷ സംരക്ഷണ ദിനം ആചരിച്ചു. ഭാഷ കേവലം ആശയ വിനിമയത്തിന്റെ ഉപാധി മാത്രമല്ലെന്നും മറിച്ച് അത് സ്വാതന്ത്ര്യവും സംസ്കാരവും സ്വപ്നവും കരുത്തും തന്നെയാണെന്നും പത്ര പ്രവർത്തകനും പുരോഗമന കലാ സാഹിത്യ സംഘം മേഖല ഭാരവാഹിയുമായ എ. സുരേഷ് പറഞ്ഞു. ഭാഷ സംരക്ഷണ വാരാചരണത്തോടാനുബന്ധിച്ചു ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അധ്വാനത്തിലൂടെ പരിവർത്തനം സാധ്യമാകുന്നതോടൊപ്പം മനുഷ്യന്റെ കണ്ഠ നാളം പരുവപ്പെട്ടിടത്താണ് ഭാഷയുടെ സ്വാധീനം കടന്നുവന്നത്. ഏത് ഭാഷയും ഇന്ദ്രിയങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ചെന്തമിഴിന്റെയും സംസ്‌കൃതത്തിന്റെയും പുത്രിയാണ് മലയാളം. നമ്മുടെ കുട്ടികൾ ഏത് വിദ്യാലയത്തിൽ അഭ്യസിച്ചാലും മാതൃഭാഷയുടെ കാവലാളാകുക എന്നതാണ് വർത്തമാന കാലം ആവശ്യപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ. റീന അധ്യക്ഷത വഹിച്ചു. കെ. ജയന്തി ടീച്ചർ ഭാഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി ഇ. നാരായണൻ, പ്രസിഡന്റ് എൻ. എം. നാരായണൻ, വി. കെ. ദീപ, ടി. എം. ഷീജ എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി അനുഷ സ്വാഗതം പറഞ്ഞു.
