KOYILANDY DIARY.COM

The Perfect News Portal

ശ്രുതിതരംഗം; 15 പേരുടെ കോക്ലിയർ ഇംപ്ലാൻറേഷൻ ശസ്ത്രക്രിയകൾ പൂർത്തിയായി

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയർ ഇംപ്ലാൻറേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 44 പേരിൽ 15 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽ 14 എണ്ണത്തിന് കൂടി അംഗീകാരം നൽകിയിട്ടുണ്ട്.

ശസ്ത്രക്രിയ പൂർത്തിയാക്കിയവർക്കായി ഓഡിയോ വെർബൽ ഹാബിറ്റേഷൻ തെറാപ്പി, ഉപകരണങ്ങളുടെ മെയിൻറനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ, മറ്റ് തുടർ ചികിത്സാ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശ്രുതിതരംഗം പദ്ധതി വഴി നിലവിൽ ഇംപ്ലാൻറ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. മുൻപ് സാമൂഹ്യ നീതി വകുപ്പ് തുടർന്നുപോന്ന അതേ കമ്പനികളുമായി കെ എം എസ് സി എൽ മുഖേനയാണ് നടപടികൾ പൂർത്തിയാക്കിയത്.

 

നിലവിൽ ഇംപ്ലാൻറ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ ആവശ്യമുള്ളവർക്ക്, എംപാനൽ ചെയ്ത ആശുപത്രികൾ മുഖേന സേവനം സമയബന്ധിതമായി ലഭ്യമാകും. കോക്ലിയർ ഇംപ്ലാൻറ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം പഞ്ചായത്തുകൾ വകയിരുത്തണമെന്ന സർക്കാർ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ മുഖേനയാണ് ഇതിനായി തുക ലഭ്യമാക്കുക.

Advertisements

 

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയും എംപാനൽ ചെയ്ത 6 ആശുപത്രികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 104 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share news