ഇനി തെയ്യം തിറയാട്ടങ്ങളുടെ കാലം; 85ലും വേഷം കെട്ടിയാടി നാരായണ പെരുവണ്ണാന്‍
കൊയിലാണ്ടി: ഇനി തെയ്യം തിറയാട്ടങ്ങളുടെ കാലം. എണ്‍പത്തിയഞ്ചിലും വേഷം കെട്ടിയാടി നാരായണ പെരുവണ്ണാന്‍. ആനവാതില്‍ ചൂരക്കാട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകൻറെ വെളളാട്ട് കെട്ടിയ നാരായണ പെരുവണ്ണാന്‍. തുലാം മാസം പിറന്നതോടെ ഉത്തര കേരളത്തില്‍ ഉത്സവകാലമായി. അമ്പല പറമ്പുകളിലും കാവുകളിലും തറവാട്ടു മുറ്റങ്ങളിലും ഇനി തെയ്യങ്ങളുടെ ചിലമ്പൊലിയൊച്ചകള്‍ ഉയരും.

കോമരങ്ങള്‍ വാള്‍ കുലുക്കി അനുഗ്രഹം ചൊരിയും. എണ്‍പത്തിയഞ്ചാം വയസ്സിലും ആനവാതില്‍ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകൻറെ വെളളാട്ട് കെട്ടിയാടിയതിൻറെ ആത്മ നിര്‍വൃതിയിലാണ് ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍. 58 വര്‍ഷത്തെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും തുലാം എട്ടിന് അദ്ദേഹം വെളളാട്ട് കെട്ടിയാടിയത്. അരനൂറ്റാണ്ടിലധികമായി ഈ രംഗത്തെ നിറ സാന്നിധ്യമാണ് നാരായണ പെരുവണ്ണാന്‍.

ഒരു ഉത്സവസീസണില്‍ ഇദ്ദേഹം തൊണ്ണൂറോളം ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും വെള്ളാട്ടവും കെട്ടിയാടും. പതിനഞ്ചാം വയസ്സ് മുതലാണ് തെയ്യം കെട്ടി തുടങ്ങിയത്. 70 വര്‍ഷമായി തെയ്യം കെട്ടിയാടുന്നു. സംസ്ഥാന സര്‍ക്കാറിൻറെ 2007ല്‍ ഫോക് ലോര്‍ അവാര്‍ഡും 2018ലും ഫോക് ലോര്‍ ഫെലോഷിപ്പും ലഭിച്ച ഇദ്ദേഹം അമേരിക്കയിലും സിംഗപ്പൂരിലും ദുബായിലുമൊക്കെ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്. മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്.

നിധീഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിലും മുഖത്തെഴുത്തിനും 2019ലെ ഫോക് ലോര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാരമ്പര്യമായി തെയ്യം കെട്ടിയാടുന്നവരാണ് നാരായണന്‍ പെരുവണ്ണാൻറെ കുടുംബം. നിലവില്‍ കുടുംബത്തിലെ അഞ്ചാം തലമുറ പോലും തെയ്യം അഭ്യസിക്കുന്നു. നാരായണൻറെ പിതാവ് ചെറിയോണ്ണിയാണ് അദ്ദേഹത്തിൻറെ പിന്‍തലമുറയിലേക്ക് തെയ്യക്കോലങ്ങളുടെ അറിവ് പകര്‍ന്നു നല്‍കിയത്. നാരായണൻറെ സഹോദരങ്ങളും തെയ്യം അഭ്യസിച്ചത് പിതാവില്‍ നിന്നാണ്.

ഇപ്പോള്‍ കൊച്ചുമക്കളും ഈ കലാരൂപം പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. നാരായണന്‍ പെരുവണ്ണാൻറെ സഹോദരങ്ങളായ രാഘവനും, ചന്തുക്കുട്ടിയും അറിയപ്പെടുന്ന തെയ്യം കലാകാരന്‍മാരായിരുന്നു. അവരുടെ മക്കളായ ശിവന്‍, ഷിംജിത്ത്, രാഹുല്‍, വിനോ ദ് എന്നിവരും തെയ്യംതിറ കലാകാരന്‍മാരാണ്. 2016-ല്‍ രാഷ്ട്രപതി ഭവനില്‍ തെയ്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് അപൂര്‍വ്വ ഭാഗ്യമായി ഈ കലാകാരന്‍ കാണുന്നു.

‘ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായാണ് തെയ്യം ഉള്‍പ്പടെയുളള കലാരൂപങ്ങള്‍ രാഷ്ട്രപതി ഭവനില്‍ അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ 54 ദേശീയ തലവന്മാര്‍ക്ക് മുന്നിലായിരുന്നു പ്രകടനം. സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടത്തിയ പരിപാടികളിലും തെയ്യമവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സീസണില്‍ 90 ക്ഷേത്രങ്ങളില്‍ നാരായണനും കുടുംബവും വ്യത്യസ്തങ്ങളായ തെയ്യങ്ങള്‍ അവതരിപ്പിക്കും. കടുത്ത വ്രത നിഷ്ടയോടെയാണ് തെയ്യം കെട്ടിയാടുക.
